ദേശീയ പൗരത്വ നിയമം ഉടൻ നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ,വൈകിയതിന് കാരണം കോവിഡ് എന്നും വിശദീകരണം
ദേശീയ പൗരത്വ നിയമത്തിൽ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് വ്യക്തമാക്കി ബിജെപി .ബിജെപി അധ്യക്ഷൻ ജെ പി നദ്ദ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .കോവിഡ് കാരണമാണ് നിയമം നടപ്പാക്കാൻ താമസം നേരിട്ടതെന്നും ഉടൻ നടപ്പാക്കുമെന്നും ജെ പി നദ്ദ വ്യക്തമാക്കി .
പശ്ചിമ ബംഗാളിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുക ആയിരുന്നു ജെ പി നദ്ദ,”ദേശീയ പൗരത്വ നിയമം പാർലമെൻറ്റ് പാസാക്കിയതാണ് .അത് നടപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥർ ആണ് .നിങ്ങൾക്കതിന്റെ ഗുണം ലഭിക്കും .”നദ്ദ വ്യക്തമാക്കി .
ഇപ്പോൾ കോവിഡ് ബാധ കുറയുന്നുണ്ടെന്നും രാജ്യം മുഴുവൻ ദേശീയ പൗരത്വ നിയമം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ജെ പി നദ്ദ പറഞ്ഞു .
“കോവിഡ് ബാധയെ തുടർന്നാണ് നിയമം നടപ്പാക്കുന്നത് നീണ്ടുപോയത് .ചട്ടങ്ങൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .ഉടൻ തന്നെ ദേശീയ പൗരത്വ നിയമം നടപ്പാക്കും .യോഗ്യത ഉള്ളവർക്ക് ഉടൻ പൗരത്വം ലഭിക്കും”ജെ പി നദ്ദ പറഞ്ഞു .
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറുപ്പു ചീട്ടാണ് ദേശീയ പൗരത്വ നിയമം എന്ന് സൂചിപ്പിക്കുന്നതാണ് ജെ പി നദ്ദയുടെ വാക്കുകൾ .2019 ൽ ബിൽ പാർലമെന്റിൽ വന്നപ്പോൾ മുതൽ തന്നെ വിഷയത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും ശക്തമായ ഏറ്റുമുട്ടലിൽ ആണ് .
ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാർ എന്നാണ് ജെ പി നദ്ദയുടെ ആരോപണം .ബിജെപിയുടെ ലക്‌ഷ്യം വികസനം ആണെന്നും അദ്ദേഹം പറയുന്നു .
“കേന്ദ്രത്തിൽ നരേന്ദ്ര മോദിജി എല്ലാവരുടെയും വികസനത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നു .അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാൻ ആണ് ശ്രമം .”ജെ പി നദ്ദ ആരോപിച്ചു .