NEWS

സി.പി.ഐ (എം) നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി വിധി, ലൈഫ് മിഷൻ വിധിയിൽ സിപിഐഎം പ്രതികരണം

രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്‌ ലൈഫ്‌ മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി വിധിയെന്ന് സി.പി.ഐ (എം) .സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
ലൈഫ്‌മിഷന്‍ വിദേശ ഫണ്ട്‌ സ്വീകരിച്ചിട്ടില്ലെന്ന്‌ ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട്‌ സ്വീകരിക്കുന്നതില്‍ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല ലൈഫ്‌ മിഷന്‍ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ഇതെല്ലാം പരിശോധിച്ച്‌ എഫ്‌.സി.ആര്‍.എ നിയമ പ്രകാരം ലൈഫ്‌മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ നുണ പ്രചാരവേലക്കാര്‍ക്ക്‌ ഏറ്റ തിരിച്ചടി കൂടിയാണ്‌.

നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക്‌ പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന്‌ വ്യക്തമാക്കുന്നു. യു.ഡി.എഫ്‌ നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസ്സില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിക്കാത്ത സി.ബി.ഐ ആണ്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസ്‌ എം.എല്‍.എ യുടെ പരാതി കിട്ടിയ ഉടന്‍ കോടതിയില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചത്‌. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Back to top button
error: