സിന്ധ്യയെ വിടാതെ കോൺഗ്രസ് ,ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വിശ്വാസ വഞ്ചകൻ എന്ന് വിളിച്ച് ആക്രമണം
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രധാന ഉന്നം പാർട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് .വിശ്വാസ വഞ്ചകൻ എന്ന വാക്കാണ് കോൺഗ്രസ് നേതാക്കൾ പ്രചാരണങ്ങളിൽ എങ്ങും പ്രയോഗിക്കുന്നത് .
സിന്ധ്യയും കൂട്ടരും പാർട്ടി വിട്ടതോടെയാണ് കോൺഗ്രസിന്റെ കമൽ നാഥ് സർക്കാർ താഴെ വീഴുകയും ബിജെപി സർക്കാർ അധികാരത്തിൽ വരികയും ചെയ്തത് .അതുകൊണ്ട് തന്നെ ബിജെപി നേതാക്കളെ അക്രമിക്കുന്നതിനേക്കാൾ തങ്ങളുടെ കൂട്ടത്തിലെ വഞ്ചകൻ എന്ന് വിളിച്ച് ജ്യോതിരാദിത്യ സിന്ധ്യയെ ഉന്നം വച്ച് കൊണ്ടാണ് കോൺഗ്രസ് പ്രചാരണം .
രാഷ്ട്രീയത്തിൽ സത്യസന്ധത കാട്ടാത്ത നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യയെന്നു കോൺഗ്രസ് വിശേഷിപ്പിക്കുന്നു .നേതാക്കളുടെ പ്രസംഗങ്ങളിലും സോഷ്യൽ മീഡിയ പ്രചാരണത്തിലും വാർത്താകുറിപ്പിലുമെല്ലാം ജ്യോതിരാദിത്യയെ തുറന്നു കാട്ടിയാണ് കോൺഗ്രസ് മുന്നോട്ട് നീങ്ങുന്നത് .
മധ്യപ്രദേശിൽ 15 വർഷത്തിന് ശേഷമാണ് ഒരു കോൺഗ്രസ് മന്ത്രിസഭ 2018 ൽ അധികാരത്തിൽ എത്തുന്നത് .എന്നാൽ കമൽനാഥ് സർക്കാരിന് 15 മാസം മാത്രമാണ് ഭരിക്കാൻ ആയത് .ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്വാധീനമുള്ള ഗ്വാളിയോർ -ചാമ്പൽ മേഖലയിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളും .വിമതർ ആണിവിടെ ഭരിച്ചിരുന്നത് ,അവർ വിശ്വാസവഞ്ചകർ ആണ് എന്നാണ് കൂറുമാറിയ എംഎൽഎമാർക്കെതിരെ ശക്തമായ ആക്രമണം നടത്തി കോൺഗ്രസ്സ് നേതാക്കൾ ആവർത്തിക്കുന്നത് .
28 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് .ഇതിൽ 3 സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത് .