NEWS

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ).

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയതായി ഐഎംഎ അറിയിച്ചു. ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രാഹം വര്‍ഗീസ് പറഞ്ഞു.

രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ് കേരളത്തിലേതെന്നു ഐഎംഎ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സ്ഥലമാണ് കേരളം. വൈറസ് വ്യാപനത്തിന്റെ വേഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റുകളുടെ എണ്ണം കേരളത്തില്‍ ഇപ്പോഴും കുറവാണെന്നും ഐഎംഎ വ്യക്തമാക്കി.

ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോള്‍. സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇന്നലെ ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ ഈ പ്രതികരണം.

Back to top button
error: