TRENDING

ഗൂഗിളിന് ഇന്ന് 22-ാമത് ജന്മദിനം

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനമാണ് ഗൂഗിള്‍. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളില്‍ ഇപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിള്‍ തിരച്ചിലുകള്‍ക്കായി ക്രമപ്പെടുത്തിയിരുന്നു

ഇന്നിതാ ഗൂഗിളിന്റെ 22-ാമത് ജന്മദിനമാണ്. അതേസമയം, സെപ്റ്റംബര്‍ മാസമാണെങ്കിലും ഗൂഗിളിന്റെ പിറന്നാള്‍ തീയതികള്‍ പലതവണ മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബര്‍ ഏഴിനാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചിരുന്നത്.ഗൂഗിള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയായി രൂപപ്പെട്ട തീയ്യതിയായി കണക്കാക്കിയായിരുന്നു ഇത്.എന്നാല്‍ 1998 സെപ്റ്റംബര്‍ നാലിനാണ് അതിനുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചത്. എന്നാല്‍ ഈ തീയ്യതി ജന്മദിനമായി കണക്കാക്കാറില്ല. 2005 മുതല്‍ സെപ്റ്റംബര്‍ എട്ടിനും പിന്നിട് സെപ്റ്റംബര്‍ 26 നും അടുത്തകാലത്തായി സെപ്റ്റംബര്‍ 27 നും ഗൂഗിള്‍ ജന്മദിനമായി ആഘോഷിച്ചുവരുന്നു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിള്‍ ആരംഭിച്ചത്. 1996 ജനുവരിയിലായിരുന്നു ഇവര്‍ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയല്‍ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവര്‍ തുടക്കമിട്ടത്. അതുവരെ ഒരാള്‍ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്തിരയല്‍ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങള്‍ ഇത്തരം തിരയലുകള്‍ തരുമെന്നതില്‍ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചില്‍ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെര്‍ജിയും നല്‍കിയത്. ബാക്ക്ള്‍ലിങ്കുകളില്‍ നിന്നും സെര്‍ച്ച് ഫലങ്ങള്‍ കണ്ടെത്തിയിരുന്നതിനാലാണിത്.

പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബര്‍ 15ന് ഗൂഗിള്‍ എന്ന ഡൊമെയിന്‍ നാമം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഒരുവര്‍ഷത്തിനു ശേഷം കാലിഫോര്‍ണിയയില്‍ ഒരു സുഹൃത്തിന്റെ ഗാരേജില്‍ ലാറിയും സെര്‍ജിയും തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചു. 1999 സെപ്റ്റംബര്‍ 21 വരെ ഗൂഗിള്‍ സെര്‍ച്ച് ബീറ്റാ വെര്‍ഷനിലായിരുന്നു പ്രവര്‍ത്തിച്ചത്. ലളിതമായ രുപകല്‍പനയായിരുന്നു ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ പ്രധാന ആകര്‍ഷണം. ചിത്രങ്ങള്‍ അധികമൊന്നും നല്‍കാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിള്‍ പേജുകള്‍ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇടയില്‍ ഗൂഗിള്‍ പെട്ടെന്നു പ്രശസ്തമായി. 2000-ല്‍ സെര്‍ച്ച് കീ വേര്‍ഡിനനുസരിച്ച് ഗൂഗിളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയരുകയായിരുന്നു.

Back to top button
error: