അക്കിത്തത്തിന് ഇന്ന് ജ്ഞാനപീഠം പുരസ്‌കാരം സമ്മാനിക്കുന്നു
ആധുനിക മലയാള കവിതയിലെ അതികായനായ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ജ്ഞാനപീഠം അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരിക്കുകയാണ്. ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’, ‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം’…തുടങ്ങിയ അക്കിത്തത്തിന്റെ വരികള്‍ കാലാന്തരങ്ങള്‍ക്കപ്പുറത്തേക്കു സഞ്ചരിക്കുന്നതാണ്.
ഇന്നിതാ അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം സമ്മാനിക്കുന്നു. കുമരനല്ലൂരില്‍ അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഉച്ചയ്ക്കാണ് ചടങ്ങ്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും. മന്ത്രി എ.കെ. ബാലന്‍ ബഹുമതി അക്കിത്തത്തിന് കൈമാറും.