പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ മിഷ്‌കിന്‍
തമിഴ് സിനിമ മേഖലയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകനാണ് മിഷ്‌കിന്‍. തന്നെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മാത്രം ചലച്ചിത്ര രൂപത്തിലേക്ക് പകര്‍ത്തുന്ന മിഷ്‌കിന്‍ പലപ്പോഴും വിവാദങ്ങളിലെ താരമാകാറുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ വിശാലുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ്. വിശാലും മിഷ്‌കിനും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിച്ച തുപ്പരിവാലന്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. ്അതോടെ ഇരുവര്‍ക്കും ഇടയിലെ സൗഹൃദം വളരുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തുപ്പരിവാലന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇരുവരും എത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും സംവിധായകനായ മിഷ്‌കിനെ പുറത്താക്കുന്നുവെന്ന് വിശാല്‍ അറിയിക്കുകയും ചിത്രത്തിന്റെ സംവിധാന ചുമതല താന്‍ ഏറ്റെടുക്കുന്നുവെന്നും അറിയിച്ചു. ചിത്രത്തിന്റേതായി പുറത്ത് വന്ന ആദ്യ പോസ്റ്ററിലും മിഷ്‌കിന്റെ പേരില്ലായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വഴക്കിന്റെ കാര്യം പരസ്യമാവുകയായിരുന്നു.
ഇപ്പോള്‍ മിഷ്‌കിന്‍ തന്റെ ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മുന്‍പ് മിഷ്‌കിന്‍ സംവിധാനം ചെയ്ത പിശാശ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മലയാളിയായ പ്രയാഗ മാര്‍ട്ടിന്‍ ആയിരുന്നു. പിശാശ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമാവുന്നത് തമിഴ് നടിയായ ആന്‍ഡ്രിയ ജെര്‍മിയ ആണ്. മിഷ്‌കിനൊപ്പം തുപ്പരിവാലന്‍ സിനിമയിലും ആന്‍ഡ്രിയ സഹകരിച്ചിരുന്നു. മികച്ച നടിയെന്ന് പേരെടുത്ത ആന്‍ഡ്രിയ മിഷ്‌കിനൊപ്പം ചേരുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകസമൂഹവും ആരാധകരും