NEWS

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി,നിയമലംഘനം കണ്ടെത്തി

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി തൊഴില്‍ നിയലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെയടിസ്ഥാനത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാലിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ലോബര്‍ കമ്മീഷണര്‍ / ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.
പരിശോധനയില്‍ സംസ്ഥാനത്താകമാനം 219 സ്ഥാപനങ്ങളിലെ 1777 ജീവനക്കാരെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 243 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബോണസ്സ് ആനുകൂല്യം, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് ആനുകൂല്യം, നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് ആനുകൂല്യം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായും കണ്ടെത്തി.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് നിയമം, തുടങ്ങിയവയുടെ ലംഘനങ്ങള്‍ക്കൊപ്പം വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം നിയമാനുസൃതമായ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

Back to top button
error: