TRENDING

വയോധികര്‍ക്ക് ഒത്തുകൂടാനൊരിടം; ആദ്യ വയോജനപാര്‍ക്ക് വാഴക്കുളത്ത്‌

പാശ്ചാത്യ ശൈലിക്കൊപ്പം ഇന്ത്യയും, പ്രത്യേകിച്ച് കേരളവും മാറുന്നു എന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന വൃദ്ധ സദനങ്ങളുടെ എണ്ണം. മാറി വരുന്ന ജീവിത ശൈലിക്ക് അനുസരിച്ച് എല്ലാം മാറണം എന്ന് വാശി പിടിക്കുന്ന യുവ തലമുറ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ എല്ലാ സൗകര്യങ്ങളോടെയും പാര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം മറക്കുന്നു, അവരുടെ മാനസിക വ്യാപാരങ്ങള്‍. ഇപ്പോഴിതാ അവരുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുകയാണ്.

മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വയോജന ക്ഷേമ പദ്ധതിയായ സായംപ്രഭയുടെ ഭാഗമായാണ് വയോജനങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കൊരുക്കുന്നത്. പാര്‍ക്കിന് വേണ്ടി സ്ഥലമൊരുക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, ഗേറ്റ്, തുറന്ന വിശ്രമ കേന്ദ്രം, പാര്‍ക്കിന്റെ സൗന്ദര്യവത്ക്കരണം, ടോയിലറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഫൗണ്ടന്‍, പൂന്തോട്ട നിര്‍മ്മാണം, സിമന്റ് ബഞ്ചുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഭാവിയില്‍ വയോജന പാര്‍ക്കുകള്‍ വ്യാപിപ്പിക്കുമെന്നും വയോജനങ്ങളുടെ സമഗ്ര പരിരക്ഷയ്ക്കായി ഗ്രാന്റ്കെയര്‍ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശീയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. ഈ കോവിഡ് കാലത്തും വയോജന ക്ഷേമം മുന്‍നിര്‍ത്തി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ ചേര്‍ന്ന് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

Back to top button
error: