മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിൽ ദുരൂഹത: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജലീൽ ഖുറാൻ്റെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണ്.
യു. എ.ഇ കോൺസുലേറ്റുമായി ജലീൽ നടത്തിയ ചട്ടലംഘനവും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിൻ്റെ വഴിവിട്ട ബന്ധവും ഇ.ഡിക്ക് മനസിലായിട്ടുണ്ട്. ജലീൽ കടത്തിയ ഖുറാൻ്റെ തൂക്കവും കോൺസുലേറ്റിൽ നിന്നും വന്ന പാർസലിൻ്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സർക്കാരിലെ മറ്റുപലർക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീൽ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തും. രാത്രി 9 മണിക്ക് പാർട്ടി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.