NEWS

അടൂർ പ്രകാശ് നുണ പറയുന്നു, അഡ്വ.എസ്.വിജയൻ വെഞ്ഞാറമൂട് എഴുതുന്നു

അഡ്വ.എസ്.വിജയൻ വെഞ്ഞാറമൂടിന്റെ കുറിപ്പ് –

D K. മുരളി എം.എൽ.എ.യുടെ മകനെതിരെ രണ്ടു ഡി.വൈഎഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുള്ളവരെ സഹായിച്ചു എന്നു ആരോപണം നേരിടുന്ന എം.പി അതിൽ നിന്നും രക്ഷപ്പെടാൻ ഒരാരോപണം നടത്തിയിരിക്കുന്നു.
ഇന്ന് DK മുരളിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഇല്ലാത്ത ഒരാളാണ് ഞാൻ. ഞാൻ സി.പി.ഐ.(M) ൽ പ്രവർത്തിച്ചിരുന്ന കാലത്ത് D K മുരളിയുടെ നിലപാടുകൾക്കെതിരെ അതിശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ഡി.കെ.മുരളിയുൾപ്പെടെയുള്ളവരുടെ ആസൂത്രിതമായ പ്രവർത്തനങ്ങളാൽ സംഘടനയിൽ നിന്നും പുറത്തുപോകേണ്ടിയും വന്ന നൂറു കണക്കിനു കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തകരിൽ ഒരാളാണ് ഞാൻ. തുടർന്ന് ഡി.കെ. മുരളിയുമായി പലപ്പോഴും രാഷ്ട്രീയമായി ഏറ്റുമുട്ടുകയും ഇപ്പോഴും എൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഞാൻ പാർടി യിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എടുത്ത നിലപാടുകളാണ് ശരി എന്നും ഡി.കെ.മുരളിയുടെ നിലപാടുകൾ തെറ്റായിരുന്നു എന്നും ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.

എന്നാൽ രണ്ടു ഡി.വൈ.എഫ് ഐ .സഖാക്കളെ അരുംകൊല ചെയ്തിട്ട് ആ കൊലപാതകങ്ങൾ നടത്തിയ പ്രതികളെ രക്ഷപ്പെടുത്താനും ആ കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ കോൺഗ്രസിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷാകവചം തീർക്കാനും നട്ടാൽ കുരുക്കാത്ത നുണ മാധ്യമങ്ങളിലൂടെ അടൂർ പ്രകാശ് പ്രചരിപ്പിക്കുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ അളിഞ്ഞ മുഖം വെളിവാക്കുന്നതാണ്.
അടൂർ പ്രകാശ് പറയുന്ന സംഭവത്തിൻ്റെ സത്യം എന്താണ്?

ഡി.കെ.മുരളിയുടെ മുത്ത മകൻ്റെ ഒരു സുഹൃത്ത് തേമ്പാംമുട്ടിലാണ് ജോലി ചെയ്യുന്നത് .ആ ചെറുപ്പക്കാരൻ ജോലി കഴിഞ്ഞിട്ട് പുറത്തിറങ്ങിയ ഒരു ദിവസം അവൻ്റെ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ വന്നു. അവൻ ഡി.കെ.മുരളിയുടെ മകൻ്റെ സഹായം ചോദിക്കുന്നു. ആ കൊച്ചു പയ്യൻ ഒരു വാഹനവുമായി സുഹൃത്തിനെ കൊണ്ടുവരാൻ തേമ്പാംമൂട്ടിൽ ചെന്നപ്പോൾ വണ്ടിയുടെ അടുത്തേക്ക് സുഹൃത്ത് ഓടി വന്ന് വണ്ടിയിൽ കയറുന്നു. അപ്പോൾ സ്ഥലത്തെ കോൺഗ്രസ് ഗുണ്ട ഓടി വന്ന് സുഹൃത്തിനോട് എന്തിനെടാ ഓടിയതെന്ന് ചോദ്യം ചെയ്യുന്നു. പാവം കുട്ടികൾ വിറച്ചുകൊണ്ട് വണ്ടി കേടായ വിവരവും വിളിക്കാൻ വന്ന വിവരവും പറഞ്ഞിട്ട് വണ്ടിയും കൊണ്ട് പോരുന്നു.
ഇതാണ് നടന്ന സംഭവം . ഇതിനെ പൊടിപ്പും തൊങ്ങലും ചാർത്തി ഇല്ലാ കഥകൾ കെട്ടിച്ചമച്ച് കോൺഗ്രസിനെയും തന്നെയും രക്ഷപ്പെടുത്താൻ ഒരു എം.പി., മാന്യമായ കുടുംബ ജീവിതം നയിക്കുന്ന ഒരു പൊതു പ്രവർത്തകനെയും അദ്ദേഹത്തിൻ്റെ പാവം മകനെയും കുടുംബത്തെയും അപമാനിക്കാനും ശ്രമിക്കുന്നത് നികൃഷ്ടമാണ്. ദുർഗന്ധം വമിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ വിഷം പുരട്ടിയ അപ വാദപ്രചരണമല്ലാതെ മറ്റൊന്നുമല്ല.

ഒരു കാര്യം കുടി പറയുന്നു.കോൺഗ്രസ് നേതാവു് രമണി ചേച്ചിയെന്ന് ഞങ്ങൾ വിളിക്കുന്ന രമണി പി.നായരുടെ മകൻ പി.ആർ.പ്രവീൺ തൻ്റെ സ്വന്തം ഓൺലൈൻ ചാനലിലൂടെ എ.എ.റഹീമിനെ വിമർശിക്കാൻ വെഞ്ഞാറമൂട്ടിലെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ഉൽഘോഷിച്ചു കൊണ്ട് അടൂർ പ്രകാശിൻ്റെ മേൽ പറഞ്ഞ വൃത്തികെട്ട കള്ള കഥ ആവർത്തിക്കുന്നതു കണ്ടു. പി.ആർ പ്രവീൺ, നിങ്ങളുടെ അമ്മ ഈ നാട്ടിലെ പൊതുപ്രവർത്തകയാണ്. വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ 50 വർഷകാലമായി പൊതുപ്രവർത്തന രംഗത്തു നിൽക്കുന്ന എന്നെ പോലുള്ളവരുടെ മുന്നിൽ നിങ്ങൾക്കില്ലാത്ത പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പേരിൽ പച്ച നുണകൾ തള്ളിവിടരുത്. നിങ്ങളുടെ ചാനൽ സ്ഥിരമായി കാണുകയും നിങ്ങളുടെ മാധ്യമ പ്രവർത്തനങ്ങളിൽ ഒരു വെഞ്ഞാറമട്ടുകാരനെന്ന നിലയിൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. പക്ഷേ നിങ്ങൾ ഇന്ന് ചെയ്തത് ഒരു കോൺഗ്രസുകാരൻ്റെ തറ രാഷ്ട്രീയ പ്രവർത്തനമാണ്. വേങ്കമല അമ്പലത്തിലോ ഈ നാട്ടിലോ താങ്കളും അടൂർ പ്രകാശും കോൺഗ്രസ് നേതാക്കന്മാരും പറയുന്ന ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് ഈ നാട്ടിലുള്ള മുഴുവൻ ജനങ്ങൾക്കു മറിയാം. ഇല്ലാത്ത കള്ള കഥകൾ മെനഞ്ഞ് കമ്മ്യൂണിസ്റ്റുകാരേയും നിരപരാധികളായ അവരുടെ കുടുംബാംഗങ്ങളെയും അപമാനിക്കാൻ ശ്രമിക്കുന്നത് തരം താണ വൃത്തികെട്ട രാഷട്രീയമാണ്, അധ:പതിച്ച മാധ്യമ പ്രവർത്തനമാണ്. ഡി.കെ.മുരളിയെയും അദ്ദേഹത്തിൻ്റെ നിഷ്കളങ്കരായ കുട്ടികളെയും അപമാനിക്കുന്നത് അങ്ങേയറ്റം അപലപിക്കപ്പെടണം. വെഞ്ഞാറമൂട്ടിലെ എല്ലാ പൊതുപ്രവർത്തകരും ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കണം. നാളെ ഇത് ഏതൊരു പൊതു പ്രവർത്തകൻ്റെ കുടുംബത്തിനു നേരെയും വരാം.

നിരപരാധിയായ ആ കൊച്ചു ചെറുപ്പക്കാരൻ്റെ മാനസിക വേദനയും സംഘർഷവും ഈ അപവാദ പ്രചാരകർക്ക് മനസ്സിലാകില്ല. അതിന് സ്നേഹ സമ്പന്നനായ ഒരു പിതാവായിരിക്കണം , പൊതു പ്രവർത്തകനായിരിക്കണം. ഡി.കെ.മുരളിക്ക് രണ്ട് ആൺകുട്ടികളായതു കൊണ്ട് മാധ്യമങ്ങളുടെ മുന്നിൽ നിറംപിടിപ്പിച്ച നുണകൾ പറയുമ്പോൾ ആ കുട്ടികൾ രണ്ടു പേരും അപമാനിക്കപ്പെടുകയാണ്. അവരുടെ മനസ്സും ഹൃദയവും അടൂർ പ്രകാശും മാധ്യമ മേലാളന്മാരും മനസിലാക്കുക . വെഞ്ഞാറമൂട് ഉന്നതരായ പൊതുപ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഒരു കേന്ദ്രമാണ്. ആ പാരമ്പര്യം നമ്മൾ ഉയർത്തി പിടിക്കണം സംരക്ഷിക്കണം. എം.പിയുടെ ഈ വൃത്തികെട്ട അധ:പതിച്ച രാഷ്ട്രീയ കപടനാടകം ഉടൻ അവസാനിപ്പിക്കണം…

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: