ഇതാ യഥാർത്ഥ മതേതര സഖ്യം ,ബിഹാറിൽ ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസും ഇടതും അടങ്ങുന്ന മഹാസഖ്യം
ബിഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ വലിയ തോതിൽ ഭരണവിരുദ്ധ വികാരത്തെ നേരിടുകയാണ് .ഒരു പക്ഷെ ഇതാകും പ്രതിപക്ഷത്തെ ഒരു മഹാസഖ്യത്തിനു പ്രേരിപ്പിച്ചതും .മറ്റെങ്ങുമില്ലാത്ത ഒരു പ്രതിപക്ഷ ഐക്യം ഇന്ന് ബിഹാറിൽ ദൃശ്യമാണ് .ആർ ജെ ഡി നയിക്കുന്ന മുന്നണിയിൽ കൈകോർക്കുകയാണ് കോൺഗ്രസും ഇടതുപാർട്ടികളും .
ആർ ജെ ഡി അധ്യക്ഷൻ ജഗദാനന്ദ സിങ്ങുമായി ഇടതു പാർട്ടികൾ ചർച്ച നടത്തിക്കഴിഞ്ഞു .ആർജെഡി – കോൺഗ്രസ്സ് സഖ്യവും സി പി ഐ എം എൽ ലിബറേഷൻ ,സി പി ഐ ,സി പി ഐ എം കക്ഷികൾ അടങ്ങിയ ഇടത് ചേരിയും തത്വത്തിൽ കൈകോർക്കാം എന്ന് സമ്മതിച്ചു കഴിഞ്ഞു .
“ആർ ജെ ഡിയും ഇടതു പാർട്ടികളും പണ്ടും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് .ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ചു ചേരുകയാണ് .”ആർ ജെ ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു .
“ബിഹാറിലെ 50 മണ്ഡലങ്ങളിൽ എങ്കിലും വലിയ സ്വാധീനം ചെലുത്താൻ ഇടത് പാർട്ടികൾക്ക് ആവും .വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി – കോൺഗ്രസ്സ് സഖ്യത്തോട് കൈകോർക്കാൻ ഇടതു പാർട്ടികൾ തയ്യാറാണ് .”സിപിഐ എംഎൽ ലിബറേഷൻ നേതാവ് കുമാർ പർവേസ് വ്യക്തമാക്കി .
യഥാർത്ഥത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ആർജെഡി – കോൺഗ്രസ് – ഇടത് സഖ്യത്തിന് ശ്രമം നടന്നതാണ് .എന്നാൽ ആർ ജെ ഡിയുടെ പിടിവാശി കാരണം അത് നടന്നില്ല .കനയ്യ കുമാർ മത്സരിക്കുന്ന സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തരുത് എന്ന് സി പി ഐ അന്ന് ആവശ്യപ്പെട്ടതാണ് .എന്നാൽ ആർ ജെ ഡി സ്ഥാനാർത്ഥിയെ നിർത്തി .ത്രികോണ മത്സരത്തിൽ ബിജെപി സ്ഥാനാർഥി ജയിച്ചു .
യഥാർത്ഥത്തിൽ കനയ്യ കുമാറിനോടുള്ള തേജസ്വി യാദവിന്റെ ഭയമാണ് സഖ്യം ഇല്ലാതാവാൻ കാരണമെന്നു പറയുന്നവരും ഉണ്ട് .ആർ ജെ ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ആണ് .സി പി ഐയുടെ ദേശീയ കൗൺസിൽ അംഗമായ കനയ്യ കുമാർ ആകട്ടെ ബിജെപിയെ പരാജയപ്പെടുത്താൻ വിട്ടുവീഴ്ചകൾക്ക് തയ്യാറുമാണ് .
കനയ്യ കുമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് സൂചന .എന്നാൽ പാർട്ടിയുടെയും സഖ്യത്തിന്റെയും താര പ്രചാരകൻ ആകും .1990 കളിൽ ബിഹാറിലെ എണ്ണം പറഞ്ഞ പാർട്ടിയായിരുന്നു സി പി ഐ .എന്നാൽ പിന്നീട് അങ്ങോട്ട് ശക്തിക്ഷയം സംഭവിച്ചു .സി പി ഐ യെ ശക്തിപ്പെടുത്തൽ ആണ് കനയ്യകുമാറിനെ ഇപ്പോഴത്തെ ലക്‌ഷ്യം .1970 കളിൽ ബിഹാറിലെ മുഖ്യ പ്രതിപക്ഷ പാർട്ടി സി പി ഐ ആയിരുന്നു .സി പി ഐ എം എൽ ലിബറേഷനും ബിഹാറിൽ അടിത്തറ ഉള്ള പാർട്ടിയാണ് .3 എംഎൽഎമാർ അവർക്ക് നിയമസഭയിൽ ഉണ്ട് .
ശക്തിക്ഷയം സംഭവിച്ചെങ്കിലും ബിഹാറിലെ മിക്ക മേഖലകളിലും ഇടതു പാർട്ടികൾക്ക് ഉറച്ച വോട്ട് ഉണ്ട് .ആർ ജെ ഡി – കോൺഗ്രസ്സ് – ഇടത് സഖ്യം ബിഹാറിൽ അത്ഭുതങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്ന നിരീക്ഷകർ ധാരാളം ഉണ്ട് .നിതീഷ് കുമാർ സർക്കാർ ചരിത്രത്തിലെ ഏറ്റവും മോശം കാലത്ത് നിൽക്കുകയാണ് .കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു .തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമാണ് .എന്നാൽ പണവും ആളും എൻ ഡി എയ്ക്ക് ഉണ്ട്. അതിനെയാണ് മഹാസഖ്യം മാറി കടക്കേണ്ടത് .