NEWS

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പക്ഷപാതപരമായി പെരുമാറിയ സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസിനെ ഹനിക്കുന്നത്, സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടയില്‍ സ്പീക്കറില്‍ നിന്നുണ്ടായ വിവേചനപരവും പക്ഷപാതപരവുമായ നടപടിയില്‍ ശക്തിയായി പ്രതിഷേധിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി.

സ്പീക്കര്‍ പദവിയുടെ ഔന്നത്ത്യത്തിന് കോട്ടം തട്ടുന്നതും ജനാധിപത്യത്തിന്റെ നെടുംതൂണായ നിയമസഭയുടെ അന്തസിന് യോജിക്കാത്തതുമാണ് സ്പീക്കറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

Signature-ad

വി.ഡി.സതീശന്‍ നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയത്തിനമേലുള്ള ചര്‍ച്ചയുടെ പ്രാരംഭത്തില്‍ തന്നെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയക്രമം കൃത്യമായി പാലിക്കണമെന്നും അത് ഉറപ്പുവരുത്തുമെന്നുള്ള സ്പീക്കറുടെ  മുന്നറിയിപ്പിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട,് ഭൂരിപക്ഷം അംഗങ്ങളും സമയക്ലിപ്തത പാലിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ തന്നെ നല്‍കിയ നിര്‍ദ്ദേശം അദ്ദേഹം മറന്നുപോവുകയോ, അല്ലെങ്കില്‍ മറന്നതായി ഭാവിക്കുകയോ ആണ് ചെയ്തത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് 50 മിനിറ്റ് സമയമാണ് ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ അനുവദിച്ചിരുന്നത്. മന്ത്രിമാര്‍ മാത്രം 50 മിനിറ്റനടുത്ത് സമയമെടുത്ത് മറുപടി പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രി 225 മിനിറ്റ് സമയം അധികമായി എടുത്ത് പ്രസംഗിച്ചപ്പോള്‍  യാതൊരു ഇടപെടലും നടത്താതെ സ്പീക്കറുടെ കടമ മറന്നുള്ള പ്രവര്‍ത്തിയാണ് ഉണ്ടായത്.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിട്ടും ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേയ്ക്ക് കടന്ന് മുഖ്യമന്ത്രി മണിക്കൂറുകള്‍ പ്രസംഗിച്ചപ്പോഴും സ്പീക്കര്‍  ഒരു ശിലാപ്രതിമയെപ്പോലെ  ഇരുന്ന് സ്പീക്കറുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും വിസ്മരിക്കുകയാണ് ഉണ്ടായത്.

അതോടൊപ്പം തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമവും സ്പീക്കറുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് ഖേദകരമാണ്.
2005 ല്‍   ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് എതിരായുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി  അഞ്ചര മണിക്കൂര്‍  മറുപടി പറഞ്ഞു എന്ന് സ്പീക്കര്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 2005 ല്‍ മൂന്നുദിവസം നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ അംഗങ്ങള്‍ മാത്രം 20 മണിക്കൂര്‍ പ്രസംഗിക്കുകയും 10 ഓളം മന്ത്രിമാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതിന് മറുപടി പറയുവാനായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി  5.15 മണിക്കൂര്‍ സമയമാണ് എടുത്തത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ ഏകദേശം 1 മണിക്കൂര്‍ 45 മിനിറ്റ് സമയം മാത്രമാണ് എടുത്തത് എന്ന് നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്.

സര്‍ക്കാരിന്റെ ബിസിനസ് നടത്തിക്കൊടുക്കുക എന്നത് സ്പീക്കറില്‍ നിക്ഷിപ്തമായ കര്‍ത്തവ്യമാണ്. എന്നാല്‍, മുഖ്യമന്ത്രിക്ക് റിക്കോര്‍ഡ് സ്ഥാപിക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഒരു നിയമസഭാ സ്പീക്കറുടെ ചുമതലയല്ല എന്ന കാര്യം ശ്രീരാമകൃഷ്ണനെ പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തി.

സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതികളും ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷധര്‍മ്മമാണ്. പ്രതിപക്ഷനേതാവില്‍ അര്‍പ്പിതമായ കര്‍ത്തവ്യവുമാണത്.  പ്രതിപക്ഷനേതാവ്  പ്രസംഗിക്കുമ്പോള്‍ പ്രത്യേകിച്ച്, അവിശ്വാസപ്രമേയ ചര്‍ച്ചയില്‍, സ്പീക്കറുടെ ഭാഗത്തുനിന്നും സാധാരണഗതിയില്‍ ഇടപെടല്‍ ഉണ്ടാകാറില്ല. ഇന്നലെ തന്റെ പ്രസംഗം 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മുതല്‍ സ്പീക്കറുടെ  ഭാഗത്തുനിന്ന് നിരന്തരം ഇടപെടലുകള്‍ ഉണ്ടായി എന്ന് രമേശ് ചെന്നിത്തല  ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗം 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മുതല്‍ സ്പീക്കറുടെ ഭാഗത്തുനിന്ന് നിരന്തരം ഇടപെടലുകള്‍ ഉണ്ടായി. എന്നാല്‍, മൂന്ന് മണിക്കൂറും നാല്പത്തിയഞ്ച് മിനിറ്റും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ യാതൊരു ഇടപെടലും സ്പീക്കറുടെ  ഭാഗത്തുനിന്നും ഉണ്ടായില്ല.
സ്പീക്കറുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിലുണ്ടായ തികച്ചും വിവേചനപരവും പക്ഷപാതപരവുമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തുമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളെ ഹനിക്കുന്ന നടപടികള്‍ അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും പ്രത്യാശിക്കുന്നതായും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ-

ബഹുമാനപ്പെട്ട സ്പീക്കര്‍

ഇന്നലെ, 24.8.2020 ല്‍ ശ്രീ. വി.ഡി. സതീശന്‍ നോട്ടീസ് നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സ്പീക്കര്‍ എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധത്തിലും പക്ഷപാതപരമായ സമീപനത്തിലും ശക്തമായ വിയോജിപ്പ് രേഖപ്പെടുന്നു. ചര്‍ച്ചയുടെ പ്രാരംഭത്തില്‍തന്നെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയക്രമം കൃത്യമായി പാലിക്കണമെന്നും അത് ഉറപ്പുവരുത്തുമെന്നുള്ള അങ്ങയുടെ മുന്നറിയിപ്പിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഭൂരിപക്ഷം അംഗങ്ങളും സമയക്ലിപ്തത പാലിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അങ്ങ് നല്‍കിയ നിര്‍ദ്ദേശം അങ്ങ് തന്നെ മറന്നുപോവുകയോ, അല്ലെങ്കില്‍ മറന്നതായി ഭാവിക്കുകയോ ആണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് 50 മിനിറ്റ് സമയമാണ് ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ അനുവദിച്ചിരുന്നത്. മന്ത്രിമാര്‍ മാത്രം 50 മിനിറ്റനടുത്ത് സമയമെടുത്ത് മറുപടി പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രി 225 മിനിറ്റ് സമയം അധികമായി എടുത്ത് പ്രസംഗിച്ചപ്പോള്‍ അങ്ങയുടെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും നടത്താതെ സ്പീക്കറുടെ കടമ മറന്നുള്ള പ്രവര്‍ത്തിയാണ് ഉണ്ടായത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിട്ടും ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേയ്ക്ക് കടന്ന് മുഖ്യമന്ത്രി മണിക്കൂറുകള്‍ പ്രസംഗിച്ചപ്പോഴും അങ്ങ് ഒരു ശിലാപ്രതിമയെപ്പോലെ സഭയില്‍ ഇരുന്ന് സ്പീക്കറുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും വിസ്മരിക്കുകയാണ് ഉണ്ടായത്.  അതോടൊപ്പം തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമവും അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് ഖേദകരമാണ്. 2005 ല്‍        ശ്രീ. ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് എതിരായുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി  അഞ്ചര മണിക്കൂര്‍  മറുപടി പറഞ്ഞു എന്നത് വാസ്തവവിരുദ്ധമാണ്. 2005 ല്‍ മൂന്നുദിവസം നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍
അംഗങ്ങള്‍ മാത്രം 20 മണിക്കൂര്‍ പ്രസംഗിക്കുകയും 10 ഓളം മന്ത്രിമാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതിന് മറുപടി പറയുവാനായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി        5.15 മണിക്കൂര്‍ സമയമാണ് എടുത്തത്. അന്നത്തെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ ഏകദേശം 1 മണിക്കൂര്‍ 45 മിനിറ്റ് സമയം മാത്രമാണ് എടുത്തത് എന്ന് നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. (ചര്‍ച്ചയ്ക്കിടയിലുള്ള ഇടപെടല്‍ ഉള്‍പ്പെടെ).
സര്‍ക്കാരിന്റെ ബിസിനസ് നടത്തിക്കൊടുക്കുക എന്നത് സ്പീക്കറില്‍ നിക്ഷിപ്തമായ കര്‍ത്തവ്യമാണ്. എന്നാല്‍, മുഖ്യമന്ത്രിക്ക് റിക്കോര്‍ഡ് സ്ഥാപിക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഒരു നിയമസഭാ സ്പീക്കറുടെ ചുമതലയല്ല എന്ന കാര്യം അങ്ങയെ ഖേദപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതികളും ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷധര്‍മ്മമാണ്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അത് എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യവുമാണ്. പ്രതിപക്ഷനേതാവ്  പ്രസംഗിക്കുമ്പോള്‍ പ്രത്യേകിച്ച്, അവിശ്വാസപ്രമേയ ചര്‍ച്ചയില്‍, സ്പീക്കറുടെ ഭാഗത്തുനിന്നും സാധാരണഗതിയില്‍ ഇടപെടല്‍ ഉണ്ടാകാറില്ല. ഇന്നലെ എന്റെ പ്രസംഗം 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മുതല്‍ അങ്ങയുടെ ഭാഗത്തുനിന്ന് നിരന്തരം ഇടപെടലുകള്‍ ഉണ്ടായി. എന്നാല്‍, മൂന്ന് മണിക്കൂറും നാല്പത്തിയഞ്ച് മിനിറ്റും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ യാതൊരു ഇടപെടലും അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
അങ്ങയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിലുണ്ടായ തികച്ചും വിവേചനപരവും പക്ഷപാതപരവുമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സ്പീക്കര്‍ പദവിയുടെ ഔന്നത്ത്യത്തിന് കോട്ടംതട്ടുന്ന ഇത്തരത്തിലുള്ള നടപടികള്‍ ജനാധിപത്യത്തിന്റെ നെടുതൂണായ നിയമസഭയുടെ അന്തസ്സിന് യോജിച്ചതല്ലാത്തിനാല്‍, ഭാവിയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തുമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളെ ഹനിക്കുന്ന നടപടികള്‍ അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും പ്രത്യാശിക്കുന്നു.
വിശ്വസ്തതയോടെ,

രമേശ് ചെന്നിത്തല

ബഹു. സ്പീക്കര്‍
കേരള നിയമസഭ.
—————

Back to top button
error: