ബ്ലാക്ക് മ്യൂസിക് ആണ് എന്റെ ഇന്‍സ്പിരേഷന്‍: കാസ്റ്റ്‌ലസ്സ് കളക്ടീവ് പിറന്ന കഥ
തമിഴ് സിനിമ ലോകത്ത് ഇന്നേറ്റവും അധികം ചര്‍ച്ച ചെയ്യുന്ന പേരാണ് സംവിധായകന്‍ പാ.രഞ്ജിത്തിന്റേത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി തുടര്‍ച്ചയായി രണ്ട് സിനിമകള്‍ എഴുതി സംവിധാനം ചെയ്ത് വ്യക്തിയാണ് പാ.രഞ്ജിത്ത്. കൊമേഴ്ഷ്യല്‍ ചേരുവകള്‍ മാത്രം ഉള്‍പ്പെടുത്തി സിനിമ നിര്‍മ്മിക്കാതെ സമൂഹത്തിന്റെ അടിതട്ടിലേക്ക് തഴയപ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും, സങ്കടങ്ങളുമാണ് പാ.രഞ്ജിത്ത് തന്റെ ചിത്രങ്ങളിലൂടെ തുറന്നു കാട്ടുന്നത്. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നിവയാണ് പാ.രഞ്ജിത്ത് സംവിധാനം ചെയ്തി ചിത്രങ്ങള്‍. സാമ്പത്തിക വിജയവും നിരൂപക പ്രീതിയും നേടിയ ചിത്രങ്ങളാണ് ഇവയെല്ലാം.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംവിധായകന്റെ ചിത്രം സംസാരിക്കുന്ന വിഷയവും പിന്നോക്ക രാഷ്ട്രീയം തന്നെയാണ്. സ്വന്തം ഉയര്‍ച്ചയ്ക്കായി ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന കഥയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ കാല സംസാരിക്കുന്നത്. തമിഴ്‌നാട്ടിലെ ദളിത് രാഷ്ട്രീയത്തിന്റെ വക്താവായ പാ.രഞ്ജിത്ത് പ്രമുഖനായ ഒരു അംബേക്കറിസ്റ്റ് കൂടിയാണ്.
പാ.രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ പരിയേറും പെരുമാള്‍ എന്ന ചിത്രം ദേശീയ തലത്തിലും അന്തര്‍ദേശിയ തലത്തിലും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പാ.രഞ്ജിത്തിന്റെ സംവിധാന സഹായിയായ മാരി സെല്‍വരാജാണ് പരിയേറും പെരുമാള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍ ആരംഭിച്ച കാസ്റ്റ്‌ലസ്സ് കളക്ടീവ് എന്ന മ്യൂസിക ബാന്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈയടുത്ത് ഒരു പ്രമുഖ മാധ്യമം നടത്തിയ അവാര്‍ഡ് ഫങ്ഷനില്‍ കാസ്റ്റ്‌ലസ്സ് കളക്ടീവിന് ഏറ്റവും മികച്ച ബാന്റിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മ്യൂസിക് ബാന്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിക്കുകയും പിന്നോക്കരുടെ സംഗീതം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കാസ്റ്റ്‌ലസ്സ് കളക്ടീവിന് കഴിയട്ടെ എന്നാശംസിക്കുകയും ചെയ്തു. സംഗീതം ഒരു മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന മീഡിയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിലസൂടെ സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു-പാ രഞ്ജിത്ത് പറയുന്നു.