ഡല്‍ഹിയില്‍ പിടിമുറുക്കി കോവിഡ്; സിറോ സര്‍വേയില്‍ പുതിയ കണ്ടെത്തല്‍
ന്യൂഡല്‍ഹി: ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ നടത്തിയ രണ്ടാം സെറോളജിക്കല്‍ സര്‍വേ അഥവാ സിറോ സര്‍വേയില്‍ പുതിയ കണ്ടെത്തല്‍.
ഡല്‍ഹിയില്‍ താമസിക്കുന്ന മൂന്നിലൊന്ന് പേര്‍ക്കും കോവിഡ് രോഗബാധയുണ്ടായിട്ടുണ്ടെന്നും ഇവരുടെ ശരീരത്തില്‍ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
ഡല്‍ഹി നിവാസികളിലെ 29.1 ശതമാനം ആളുകളിലും കൊറോണ വൈറസിനെതിരായ ആന്റി ബോഡിയുണ്ടെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഇതില്‍ ഭൂരിഭാഗം പേരും സൗത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയില്‍നിന്നുള്ളവരാണ്.
ഈ മാസം ആദ്യവും ഡല്‍ഹിയില്‍ സിറോ സര്‍വേ നടത്തിയിരുന്നു. ഡല്‍ഹിയിലെ ജനസംഖ്യയുടെ 23.48 ശതമാനവും കോവിഡ് ബാധിതരായെന്ന് ഇതില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ആദ്യവാരവും സര്‍വേ നടത്താനാണ് തീരുമാനം.