ഹരീഷിന്റെ കൊലപാതകം : അന്വേഷണം അടുത്ത പരിചയക്കാരെ കേന്ദ്രീകരിച്ച്…
കാസർഗോഡ്: കുമ്പള നായിക്കാപ്പിലെ ഭഗവതി ഓയിൽമിൽ ജോലിക്കാരനായ, മാധവൻ – ഷീല ദമ്പതികളുടെ മകൻ ഹരീഷിനെ (38) വെട്ടിയത് വീട്ടിലേക്കുള്ള വഴിയിൽ വെച്ച്. തലയ്ക്കേറ്റ മാരകമായ വെട്ടാണ് യുവാവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷമാണത്രേ കൊലപാതക കാരണം.
രണ്ട് ദിവസം മുമ്പ് ചുമട്ടിറക്കുന്നതിനെച്ചൊല്ലി ഹരീഷും ചിലരും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതിലുള്ള പ്രതികാരമായിരിക്കാം ഹരീഷിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ സംശയം.
ഹരീഷിൻ്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ചൊവ്വാഴ്ച ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനയക്കും. ചെങ്കള, നായനാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം ഇപ്പോൾ. വഴിയിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഹരീഷിനെ വഴിയാത്രക്കാർ കണ്ടത്. ഉടൻ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
15 വർഷമായി നായിക്കാപ്പിലെ ഭഗവതി ഓയിൽ മില്ലിലെ ജോലിക്കാരനാണ് ഹരീഷ്. പറയത്തക്ക ശത്രുക്കളൊന്നും ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. രണ്ട് ദിവസം മുമ്പ് ഓയിൽ മില്ലിൽ ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി അടിപിടിയുണ്ടായതായി. ഇതായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ സംശയം.
ഒരു വർഷം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഭാര്യ യശ്വന്തി അഞ്ച് മാസം ഗർഭിണിയാണ്. ആദ്യത്തെ കൺമണിയെ കാണും മുമ്പാണ് ഹരീഷ് കൊലക്കത്തിക്ക് ഇരയായിരിക്കുന്നത്. പോലീസ് കൊലയാളികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.