അനീഷിനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയം, ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തം
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് നേതൃത്വം നൽകിയിരുന്ന ജോയിന്റ് കമ്മീഷണർ അനീഷ് പി രാജിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തം. ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപുകളിൽ ആണ് പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട് അനീഷിന്റെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസും ബിജെപിയും ഉദ്യോഗസ്ഥനെതിരെ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അനീഷ് പി രാജനെ നാഗ്പൂരിലെ സ്ഥലംമാറ്റിയത്. അനീഷ് പി രാജന് കൊച്ചി ഓഫീസിൽ നൽകിയത് സ്നേഹനിർഭരമായ യാത്രയയപ്പാണ്. ഉന്നത ഉദ്യോഗസ്ഥർ അടക്കം ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്രസർക്കാർ നടപടിക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ജോലിയെയും സഹപ്രവർത്തകരെയും 100% സ്നേഹിക്കുകയും വകുപ്പിന് നേട്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ മാറ്റിയതിന് എന്ത് ന്യായീകരണമുണ്ട് എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വാട്സാപ്പിൽ കുറിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവകൾ ആവാനാണ് ഉദ്യോഗസ്ഥരുടെ വിധിയെന്ന് മറ്റൊരാൾ കുറിച്ചു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളെ എത്രയും വേഗം പിടിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഒരു കമന്റ് ഉണ്ടായി. അനീഷിന് ലഭിച്ച വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ പുരസ്കാരം ചൂണ്ടിക്കാട്ടി ഫോട്ടോ സഹിതമാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അനീഷ് പി രാജന്റെ ജോലിയുള്ള മികവിനെ ആവോളം പ്രശംസിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വിളി ഉണ്ടായി എന്ന ബിജെപി ആരോപണം അനീഷ് പി രാജൻ നിഷേധിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും വിളിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അനീഷിന്റെ മറുപടി. ഇതിനുപിന്നാലെ അനീഷിന്റെ സഹോദരൻ സിപിഎം പ്രവർത്തകൻ ആണെന്ന് ചൂണ്ടിക്കാട്ടി പരാതികൾ കേന്ദ്രത്തിന് മുമ്പിലെത്തി. പിന്നാലെ സ്ഥലംമാറ്റവും ഉണ്ടായി. അടുത്തമാസം 10ന് മുമ്പ് നാഗ്പൂരിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് സ്ഥലംമാറ്റ ഉത്തരവ്.