NEWS

‘വൺ ഇന്ത്യാ വൺ പെൻഷൻ പദ്ധതി’ മുദ്രാവാക്യം നരേന്ദ്ര മോദിയെ സഹായിക്കാൻ: എളമരം കരീം

റുപത് വയസ്സ്‌ കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും പ്രതിമാസം പതിനായിരം രൂപവീതം പെൻഷൻ ലഭിക്കണമെന്ന ആവശ്യവുമായാണ്, ‘വൺ ഇന്ത്യ വൺ പെൻഷൻ’ എന്ന മുദ്രാവാക്യം ഉയർന്നത്.
സാമൂഹ്യസുരക്ഷ ഉറപ്പാക്കണമെന്ന നയം അംഗീകരിച്ച ഒരു ഭരണം ഇന്ത്യയിലുണ്ടെങ്കിൽ ഈ മുദ്രാവാക്യം യാഥാർഥ്യമാക്കാൻ കഴിയും. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധികളും നൽകാൻ അനുയോജ്യമായ നയം അനുസരിച്ച് ഭരണം നടത്തിയാലേ ഈ ആവശ്യം സഫലമാക്കാൻ കഴിയൂ.
ആരാണിതിന് തടസ്സം…?

‘വൺ ഇന്ത്യ വൺ പെൻഷൻ’ വാദം ഉയർത്തുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, സൈനികർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവരുടെ പെൻഷനെ ആക്ഷേപിച്ച് സംസാരിക്കുന്നത് ശ്രദ്ധിച്ചു. കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കേണ്ടി വരുന്നത് മഹാ അപരാധമായിട്ടാണ് പ്രചാരണം നടക്കുന്നത്. കൊറോണ സാഹചര്യത്തിൽ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ, സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുവായി മാറ്റിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചു. അതിനെ എതിർത്തും സർക്കാർ ഉത്തരവ് പരസ്യമായി കത്തിച്ചും ഏതാനും ജീവനക്കാർ രംഗത്ത് വന്നു. അവരോട് ജനങ്ങൾക്ക് കടുത്ത രോഷമുണ്ടായത് സ്വാഭാവികം.

ഈ അവസരമുപയോഗിച്ച്, ചിലർ ജീവനക്കാരുടെയും സംഘടിത മേഖലയിലെ തൊഴിലാളികളുടെയും നേരെ രംഗത്തുവന്നു. അൽപ്പബുദ്ധികളായ കുറേപ്പേർ, സർക്കാരിനെതിരായി നടത്തിയ ‘സമര’മായാണ് ഈ പ്രചാരണത്തെ ചിലർ ചിത്രീകരിച്ചത്.

ഇതിനുശേഷമാണ് ജീവനക്കാരുടെ പെൻഷനെതിരായും, എല്ലാവർക്കും പെൻഷൻ വേണമെന്ന ആവശ്യമുയർത്തിയും ഒരു സംഘം സാമൂഹ്യമാധ്യമങ്ങൾവഴി പ്രചാരണം ആരംഭിച്ചത്.

ശമ്പളവും പെൻഷനും അനാവശ്യമാണോ?

ഒന്ന്: ശമ്പളം വാങ്ങുന്നതിൽ ഒരു വിഭാഗം അധ്യാപകരാണ്. സംസ്ഥാനത്തെ മനുഷ്യവിഭവശേഷി വികസിപ്പിക്കുക എന്ന ധർമമാണ് അവർ നിർവഹിക്കുന്നത്. സർക്കാർ ശമ്പളം നൽകുന്ന അധ്യാപകരെ മുഴുവൻ പിരിച്ചുവിട്ട്, സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി, ഈ മേഖല പൂർണമായും സ്വകാര്യമേഖലയെ ഏൽപ്പിച്ചാൽ എന്താകും സ്ഥിതി…? പണമുള്ളവർക്കുമാത്രം പഠിക്കാം. അത്തരമൊരവസ്ഥയിലേക്ക് സംസ്ഥാനത്തെ തള്ളിവിടണോ…?

രണ്ട്: ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യജീവനക്കാർ എന്നിവരാണ് സർക്കാരിൽനിന്ന് ശമ്പളം വാങ്ങുന്ന മറ്റൊരു വിഭാഗം.
ജനങ്ങൾക്ക് സൗജന്യമായി ആരോഗ്യസുരക്ഷ നൽകലാണ് ഇവരുടെ ജോലി. ഇവരെയെല്ലാം പിരിച്ചുവിട്ട് സ്വകാര്യ ആശുപത്രികൾമാത്രം മതിയെന്ന് തീരുമാനിച്ചാലോ…?

ആരോഗ്യസംരക്ഷണം സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ ഏൽപ്പിച്ചാലോ…?
നമ്മുടെ കൺമുമ്പിൽ ഇതിനുത്തരമുണ്ട്. കൊറോണയെ തടഞ്ഞുനിർത്തുന്നതിൽ കേരളം മികച്ച വിജയം നേടിയത്, പൊതു ആരോഗ്യമേഖലയുടെ മികവുകൊണ്ടാണ്. സമ്പത്തിലും ശാസ്‌ത്ര സാങ്കേതിക നേട്ടങ്ങളിലും ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയ്‌ക്ക് ഇത് കഴിയാതെപോയത് ആരോഗ്യസംരക്ഷണം സ്വകാര്യമേഖലയെ ഏൽപ്പിച്ചതുകൊണ്ടാണ്. ഏത് മാർഗമാണ് നാം തെരഞ്ഞെടുക്കേണ്ടത്…?

മൂന്ന്: പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗം സർക്കാർശമ്പളം പറ്റുന്നവരാണ്. രാപ്പകലില്ലാതെ, നാടിന്റെയും ജനങ്ങളുടെയും സുരക്ഷയ്‌ക്കായി പ്രവർത്തിക്കുന്നവർ.
ഇവരെ ഒഴിവാക്കി അതും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണോ…?

നാല്: കൃഷി വിദഗ്ധർ, പൊതുമരാമത്ത് – ജലസേചന വകുപ്പ്‌ എൻജിനിയർമാർ, ആസൂത്രണ വകുപ്പിലെയും ധനവകുപ്പിലെയും വിദഗ്ധർ, മറ്റ് മേഖലകളിലെ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം സർക്കാർ ഖജനാവ് മുടിക്കുന്നവരായി കണക്കാക്കുന്നത് അജ്ഞതകൊണ്ടാണ്. ഇവരിൽ പലർക്കും സ്വകാര്യമേഖലയിലേക്ക് ചെന്നാൽ സർക്കാർ നൽകുന്നതിനേക്കാൾ കൂടുതൽ ശമ്പളം ലഭിക്കും.

ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിർവഹിക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വാർധക്യകാലത്ത്, വരുമാനമില്ലാതെ നരകതുല്യവുമായ അവസ്ഥയിലെത്തിയ കോടിക്കണക്കിന് ദരിദ്രരുള്ള രാജ്യമാണ് ഇന്ത്യ. തൊഴിലെടുത്ത് ജീവിക്കുന്ന 56 കോടി പേരിൽ പ്രതിമാസം നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന സംഘടിത മേഖലയിലെ സ്ഥിരം തൊഴിലാളികൾ ആകെ തൊഴിലാളികളുടെ ആറ്‌ ശതമാനം മാത്രമാണ്. കോർപറേറ്റ് വ്യവസായങ്ങളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ഭൂരിപക്ഷവും താൽക്കാലിക – കരാർ തൊഴിലാളികളാണ്. അസംഘടിത,പരമ്പരാഗത മേഖലയിൽ ഒരു ദിവസത്തെ മിനിമം വേതനമായി മോഡി സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 182 രൂപയാണ്. ഇവർക്ക് ബോണസ്, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ തുടങ്ങിയ ഒരാനുകൂല്യവും ലഭിക്കുന്നില്ല. രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ പകുതിയിലധികം ഉൽപ്പാദിപ്പിക്കുന്നത് ഇവരാണ്.
ഗ്രാമീണ കർഷകത്തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. കാർഷികമേഖല തകരുന്നതുകാരണം ഗ്രാമീണരായ ദരിദ്രർ കൂട്ടത്തോടെ വൻ നഗരങ്ങളിലേക്ക് കുടിയേറുന്നു. അവരാണ് കുടിയേറ്റത്തൊഴിലാളികൾ.

ആരാണ്‌ തൊഴിലാളികളെയും കർഷകരെയും മറന്നത്‌
ഈ തൊഴിലാളികളുടെയും ദരിദ്ര – ഇടത്തരം കർഷകരുടെയും ജീവിതപ്രശ്നങ്ങൾ ഉയർത്തി തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾ നിരന്തരമായി സമരം നടത്തിവരികയാണ്. പ്രായപൂർത്തിയായ എല്ലാവർക്കും തൊഴിൽ നൽകുക, മിനിമം വേതനം പ്രതിമാസം 20,000 രൂപ നിശ്ചയിക്കുക, 60 വയസ്സ്‌ കഴിഞ്ഞവർക്ക് പ്രതിമാസം 6500 രൂപവീതം പെൻഷൻ നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുക, സാർവത്രിക പൊതുവിതരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും ഉന്നയിച്ചത്. നിരവധി ദേശീയ പണിമുടക്കുകൾ നടന്നു.
ഈ സമരകാലത്തൊന്നും ജനങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കാതെ മാളത്തിലിരുന്നവർ, ഇപ്പോൾ ബോധോദയമുണ്ടായതുപോലെ ‘പെൻഷൻ’ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതിന്റെ പിന്നിൽ ആരാണ്…?

സ്വാതന്ത്ര്യം നേടിയശേഷം വികസിതഭാരതം കെട്ടിപ്പടുക്കാൻ 75 വർഷം ലഭിച്ചിട്ടും എന്തുകൊണ്ട് സാധിച്ചില്ല. ജനങ്ങളിൽ ഭൂരിപക്ഷവും പട്ടിണിയിലും അജ്ഞതയിലും കഴിഞ്ഞുകൂടേണ്ടി വരുന്നതിന് കാരണക്കാർ ആരാണ്.1947 മുതൽ ഇന്ത്യ ഭരിച്ച കോൺഗ്രസും 2014 മുതൽ ഭരണത്തിലുള്ള ബിജെപിയും നടപ്പാക്കിയ നയങ്ങൾ കുത്തക മുതലാളിവർഗത്തെ തടിച്ച് കൊഴുക്കാൻ സഹായിക്കുന്നതാണ്. അവരുടെ സമ്പത്ത് അനുദിനം വർധിക്കുന്നു. 2019ൽ ഇന്ത്യയിലാകെ ഉണ്ടായ സമ്പത്തിന്റെ 70 ശതമാനം, ജനസംഖ്യയുടെ മുകൾതട്ടിലുള്ള 10 ശതമാനം പേരുടെ കൈകളിലാണെത്തിയത്. എല്ലാ പൊതുസമ്പത്തും കോർപറേറ്റുകൾ കൈയടക്കുന്നു. പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നു. ഈ നയമാണ് ജനങ്ങളുടെ ദാരിദ്ര്യത്തിന് കാരണമെന്നുകാണാൻ കഴിയാത്ത രാഷ്ട്രീയമാണ് ‘വൺ ഇന്ത്യ വൺ പെൻഷൻ’ വാദക്കാരെ നയിക്കുന്നത്.

ഇന്ത്യയുടെ 2019- 20 വർഷത്തെ ജിഡിപി (മൊത്തം സമ്പത്തുൽപ്പാദനം) 147.79 ലക്ഷം കോടി രൂപയാണ്. (ഇന്ത്യൻ ജനതയുടെ പ്രതിശീർഷ വരുമാനം 1,75,000 രൂപ വരും) 1948ൽ തൊഴിലാളി- കർഷക വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽ വന്ന ചൈന അക്കാലത്ത് ഇന്ത്യയെക്കാൾ ദരിദ്രരാജ്യമായിരുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം, ചൈന സോഷ്യലിസ്റ്റ് മാതൃക സ്വീകരിച്ചു. ഇന്ത്യ കുത്തക മുതലാളി- ഫ്യൂഡൽ വർഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്ന മാർഗം സ്വീകരിച്ചു. ഇന്ത്യയിൽ ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും നാടുവാഴികളുടെ ഉടമസ്ഥതയിലാണ്. ഭൂപരിഷ്കരണം നടന്നില്ല. യഥാർഥ കൃഷിക്കാരെ ഭൂമിയുടെ ഉടമകളാക്കിയില്ല. കേരളത്തിലെപ്പോലെ ഭൂപരിഷ്കരണം ഇന്ത്യ മുഴുവൻ നടപ്പാക്കിയിരുന്നുവെങ്കിൽ അത്ഭുതകരമായ മാറ്റങ്ങൾ ഇന്ത്യയിലുണ്ടാകുമായിരുന്നു.

മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ കൽക്കരി, മറ്റ് ധാതുവിഭവങ്ങൾ, പ്രകൃതി വാതകം തുടങ്ങിയ സമ്പത്തിൽ സ്വകാര്യകുത്തകകൾക്ക് അവകാശം ഉറപ്പിച്ചു. ടെലികമ്യൂണിക്കേഷൻ രംഗം തീറെഴുതി. ധനകാര്യമേഖല സ്വകാര്യവൽക്കരിച്ചു. റെയിൽവേ, രാസവള ഉൽപ്പാദനം, ആണവോർജം, ബഹിരാകാശ ഗവേഷണം, ആയുധനിർമാണം തുടങ്ങിയ സകല മേഖലകളും സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിച്ചു. കോർപറേറ്റ് നികുതി കുറച്ചുകൊടുത്തു. നികുതി കുടിശ്ശിക ഒഴിവാക്കിക്കൊടുത്തു.
പെട്രോൾ, ഡീസൽ വിലവർധനയിലൂടെമാത്രം, റിലയൻസ്, എസ്സാർ, ഷെൽഇന്ത്യ എന്നീ കുത്തക കമ്പനികൾ നേടിയത് കോടികളാണ്. കോവിഡ് കാലത്ത് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായ വർധന 1,32,750 കോടി രൂപയാണ്.

സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ സ്വപ്നമായിരുന്നു, സ്വയം പര്യാപ്തമായ സ്വതന്ത്രഭാരതം. ആ സ്വപ്‌നങ്ങളെ മുഴുവൻ തകർത്തവരാണ് ഇന്ത്യൻ ഭരണാധികാരികൾ. നേരത്തേ കോൺഗ്രസ്, ‘പാവങ്ങൾക്ക് ഗതിയേകും’ എന്ന് വിളിച്ചുപറഞ്ഞു.
പിന്നീട് ബിജെപി ‘ജനങ്ങൾക്ക് നല്ല ദിവസങ്ങൾ നൽകും’എന്ന് വിളിച്ചു കൂവി. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു. ജിവിതപ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിട്ടു. കപട ദേശസ്നേഹവും സങ്കുചിത ദേശീയവാദവും ഉയർത്തി ജനങ്ങളെ വിവിധ തട്ടുകളിലാക്കി. ആ ശക്തികളുടെ ബുദ്ധിയിൽനിന്ന് ഉടലെടുത്തതാണ് ‘വൺ ഇന്ത്യ വൺ പെൻഷൻ’ മുദ്രാവാക്യം. ഇത് സംഘപരിവാറിനെയും മോഡിയെയും രക്ഷിക്കാനാണ്.

പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളോടൊപ്പംനിന്ന് കേന്ദ്ര നയങ്ങൾക്ക് ബദൽനയം ഉയർത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലമാക്കണം ചിലർക്ക്!
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസേന വർധിക്കുന്നതിനെതിരെ, കുടിയേറ്റ തൊഴിലാളികൾ നേരിട്ട മഹാദുരന്തത്തിനെതിരെ, ജോലിസമയം 12 മണിക്കൂറാക്കി ദീർഘിപ്പിച്ചതിനെതിരെ ഒരക്ഷരം ഉരിയാടാത്തവരുടെ പുതിയ ‘വേഷപ്പകർച്ച’ ജനങ്ങൾ തിരിച്ചറിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: