NEWS

ഇതാ ഒരു വഴികാട്ടി സർക്കുലർ, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് ആലപ്പുഴ രൂപത

മാതൃകാ സർക്കുലറുമായി ആലപ്പുഴ രൂപത. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളിൽ ദഹിപ്പിക്കാൻ ആലപ്പുഴ രൂപത. ഇത് സംബന്ധിച്ച സർക്കുലർ രൂപത പുറത്തിറക്കി. ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ രൂപത അംഗങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ സാധാരണ രീതിയിലുള്ള സംസ്കാര കർമം സെമിത്തേരിയിൽ നടത്തുന്നത് പ്രയാസമാണ്. സർക്കാർ നടപടികൾക്ക് ശേഷം അതാത് ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കണമെന്നും ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി. മൊബൈൽ ക്രിമേഷൻ യൂണിറ്റുകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.

സമീപ പ്രദേശത്ത് ദഹിപ്പിക്കൽ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ മൃതദേഹം അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിൽ എത്തിച്ച് അന്തിമോപചാരക്രമം പാലിച്ച് അടക്കം ചെയ്യണം. ഭസ്മം വീടുകളിൽ സൂക്ഷിക്കരുതെന്നും ഒഴുക്കി കളയരുതെന്നും ബിഷപ്പ് സർക്കുലറിൽ നിർദേശിക്കുന്നു. കോവിഡ് പ്രതിരോധത്തെ കുറിച്ച് ഇടവക അംഗങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

Back to top button
error: