മുംബൈ: തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്നവരുടെ വീടുകളില്‍ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കട്ടേയെന്ന് മുംബൈ ഹൈക്കോടതി. മനുഷ്യര്‍ക്ക് നേരം തെരുവു നായകളുടെ നിരന്തര ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിലാണ് മുംബൈ ഹൈക്കോടതിയുടെ നാഗ് പൂര്‍ ബെഞ്ചിന്റെ നീരീക്ഷണം. തെരുവുനായകളുടെ അവകാശത്തിനായി നിരന്തരം വാദിക്കുന്ന മൃഗസ്നേഹികള്‍ക്ക് നിയമപരമായി നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്നും കോടതി വിശദമാക്കി. തെരുവുകളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശല്യമുണ്ടാക്കുന്ന തെരുവ് നായകള്‍ക്കെതിരായി നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നതിലാണ് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നോയിഡയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ച് കീറി കൊന്നതിന് പിന്നാലെയാണ് മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശം എത്തുന്നത്. നായ കടിച്ച് വയറിനും കുടലിനും സംഭവിച്ച ഗുരുതര പരിക്കായിരുന്നു നോയിഡയിലെ നവജാത ശിശുവിന്‍റെ മരണത്തിലേക്ക് നയിച്ചത്. മനുഷ്യ മൃഗ ഏറ്റുമുട്ടലുകളില്‍ നാഴിക കല്ലാവുമെന്നാണ് മുംബൈ ഹൈക്കോടതിയുടെ വിധിയേക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്. തെരുവ് നായകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പലപ്പോഴും മൃഗസ്നേഹികളുടേയും അവകാശ സംരക്ഷണ പ്രവര്‍ത്തകരുടേയും ഇടപെടലുകള്‍ തടസം സൃഷ്ടിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിന് മുംബൈ ഹൈക്കോടതി വിധി മൂലം മാറ്റമുണ്ടാകുമെന്നാണ് നിരീക്ഷണം.
തെരുവ് നായകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന മൃഗസ്നേഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും തെരുവ് നായകളുടെ ഉത്തരവാദിത്തം നല്‍കുന്നതാണ് മുംബൈ ഹൈക്കോടതിയുടെ വിധി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ സാധാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതി വിധി എത്തുന്നത്. മൃഗസ്നേഹികളും മൃഗാവകാശ പ്രവര്‍ത്തകരും തെരുവ് നായകള്‍ക്ക് ദിവസത്തില്‍ പല സമയത്തായി ഭക്ഷണം നല്‍കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് മൂലം ജനവാസ മേഖലകള്‍ക്ക് സമീപത്ത് തെരുവ് നായകളുടെ സാന്നിധ്യം കൂടുന്നതായും കോടതി നിരീക്ഷിച്ചു.