കോട്ടയം: കർഷക സംഘം സംസ്ഥാന സമ്മേളനത്തിനായി നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കമോ എന്ന ചോദ്യവുമായി കേരള ജനപക്ഷം നേതാവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്. കോട്ടയം തിരുനക്കര മൈതാനിയില്‍ കർഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് സിപിഎം നേതൃത്വത്തിൽ സ്വകാര്യ ബസുകളില്‍ നിന്നാണ് ആളുകളെ എത്തിച്ചതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
എന്നാൽ, ഇതിൽ ഒരു സ്വകാര്യ ബസിന് പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേയ്ക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ലെന്ന് ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമം ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകരുമായി 90 ശതമാനം ബസുകളും ഇന്ന് കോട്ടയത്ത് എത്തിയത്. ഈ വാഹനങ്ങളിൽ ഏതെങ്കിലും ഒന്നിന് അപകടം പറ്റിയാൽ പെർമിറ്റ് ലംഘിച്ച് വാഹനം ഓടിച്ചതിന് ഇൻഷുറൻസ് പോലും ലഭ്യമാകുന്ന സാഹചര്യമില്ല.
സ്വകാര്യ ബസുകളെ നിലയ്ക്കുനിർത്തുമെന്നും അതുപോലെ മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും പറയുന്ന സർക്കാർ നിയമ ലംഘനത്തിതിരെ നടപടിയെടുക്കാൻ തയാറാകുമോയെന്ന് ഷോണ്‍ ചോദിച്ചു. പ്രസ്തുത വണ്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആർടിയ്ക്ക് ചങ്കൂറ്റം ഉണ്ടോയെന്നും ഷോണ്‍ ചോദിച്ചു. അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനമാകെ എംവിഡിയും പൊലീസ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസിന്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കാരണമായി പറയുന്നു.