മന്ത്രി പി.രാജീവ് നോക്കാനേല്‍പ്പിച്ച വീട്ടിൽ ജനാധിപത്യമഹിളാ അസോസിയേഷന് പ്രാദേശിക നേതാവുമായി ‘കൂട്ടുകൃഷി’ നടത്തിയ ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി നല്കി സി.പി.എം. വൈക്കം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം. സുജിനെതിരെയാണ് നടപടി. സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടപടി. സുജിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷന് പ്രാദേശിക നേതാവിന്റെ ഭര്‍ത്താവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ വച്ചത്. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി.
മാത്രമല്ല മന്ത്രി പി.രാജീവ് നോക്കാനേല്‍പ്പിച്ച വീട് സുജിന്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി. പി. രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീട്. അവിടെ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുജിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. സഹായിയായി യുവതിയെയും കൂട്ടി. ‘കൂട്ടുകൃഷി’യെക്കുറിച്ച് പരാതികൾ വ്യാപകമായതിനെത്തുടര്‍ന്ന് സുജിനില്‍ നിന്ന് മന്ത്രി താക്കോല്‍ തിരിച്ചുവാങ്ങുകയും ചുമതല മറ്റൊരാളെ ഏല്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചത്.