കൊച്ചി: തീവ്രവാദ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനെത്തിയ എൻ ഐ എ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് കോടതിയുടെ താക്കീത്. പി എഫ് ഐ നേതാക്കളുടെ ബന്ധുക്കൾ ആണ് കൊച്ചി എൻ ഐ എ കോടതി വളപ്പിൽ ദൃശ്യം എടുത്തത്. രാജ്യ വ്യാപക റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം.
ദുരൂഹസാഹചര്യത്തിൽ ദൃശ്യം പകർത്തിയെന്ന് എൻ ഐ എ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇനി കോടതി വളപ്പിൽ ഇക്കാര്യം ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
കേസിൽ 5 പേരെ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കരമന അഷ്റഫ് മൗലവി, യഹിയ യോയ തങ്ങൾ അബ്ദുൾ സത്താർ, കെ മുഹമ്മദ് അലി. സി ടി സുലൈമാൻ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധനയിൽ ലഭിച്ച വിവരങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടു. സെപ്റ്റംബർ 22 നായിരുന്നു കേരളത്തിൽ അടക്കം വിവിധ സംസ്ഥാനത്തെ പി എഫ് ഐ നേതാക്കളെ എൻ ഐ എ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.