ചെന്നൈ: തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടകഗര്‍ഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോര്‍ട്ട്. നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പറയുന്നു. വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടിയായി ഇരുവരും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടു പുറത്തുവന്നത്.
ആറു വര്‍ഷം മുന്‍പേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയത്. ഒരുമിച്ചു ജീവിച്ചിരുന്ന (ലിവിങ് ടുഗെദര്‍) ഇരുവരും ഈ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങില്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു. എന്നാല്‍, 2016 ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
ജൂണിലെ വിവാഹം കഴിഞ്ഞു 4 മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വാടകഗര്‍ഭധാരണ (സെറഗസി) ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം ഉയര്‍ന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടകഗര്‍ഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കര്‍ശന ചട്ടങ്ങള്‍ ലംഘിച്ചെന്ന വിവാദത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സമിതി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22 നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും താരദമ്പതികളുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.