Breaking NewsNEWS

ജോലി വാഗ്ദാനം, ശമ്പളം 18,000 രൂപ; റോസ്ലിക്കും പത്മയ്ക്കും മുന്‍പ് 2 സ്ത്രീകളെ കൊല്ലാന്‍ ശ്രമം

പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികള്‍. റോസ്ലിക്കും പത്മയ്ക്കും മുന്‍പു 2 പേരെ കൊല്ലാന്‍ ശ്രമിച്ചതായി പ്രതികള്‍ പോലീസിനു മൊഴി നല്‍കി. ലോട്ടറി വില്‍പനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയില്‍നിന്ന് ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വര്‍ഷം മുന്‍പു ഷാഫി പരിചയം സ്ഥാപിച്ചത്. തിരുമ്മു കേന്ദ്രത്തില്‍ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിച്ചു. ആദ്യ ദിവസം 1000 രൂപ നല്‍കി. രണ്ടാം ദിവസം ഉച്ചയ്ക്കു തിരുമ്മു കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഇവരെ ലൈലയും ഭഗവല്‍സിങും വീട്ടിലേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ടശേഷം കൈ ബന്ധിക്കാന്‍ തുടങ്ങി.

ലൈലയും ഭഗവല്‍സിങും കാലുകള്‍ കെട്ടാന്‍ തിരിഞ്ഞ തക്കത്തിന് ഇവര്‍ കൈയിലെ കെട്ടഴിച്ച് കുതറിയോടുകയായിരുന്നു. ഇതിനിടെ ഷാഫി മുഖത്തടിച്ചപ്പോള്‍ ഇവര്‍ താഴെ വീണെങ്കിലും പുറത്തുകടന്നു. റോഡിലെത്തിയപ്പോള്‍ ലൈല അനുനയിപ്പിച്ചു തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി റോഡില്‍തന്നെ നിലയുറപ്പിച്ചു. പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Signature-ad

പന്തളത്തെ സ്വകാര്യ ഏജന്‍സി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാള്‍. ആ സമയത്താണു വീടിനു മുന്നില്‍ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചപ്പോള്‍ അവിടെ നില്‍ക്കുന്നതു പന്തിയല്ലെന്നു കണ്ട് അവരും രക്ഷപ്പെടുകയായിരുന്നു. ഈ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു ഷാഫി റോസ്ലിയെയും പത്മയെയും കുടുക്കിയതെന്നാണു സൂചന.

 

Back to top button
error: