KeralaNEWS

വടക്കഞ്ചേരി ബസ് അപകടം: സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നും പഠന വിനോദ യാത്രക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പുതിയ സർക്കുലർ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിലുള്ള ഉത്തരവുകള്‍ കർശനമാക്കികൊണ്ടാണ് പുതിയ സർക്കുലർ. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ഗുരുതരവീഴ്ചയാണ് ഇക്കാര്യത്തിൽ കാണിച്ചത്. എല്ലാ സ്കൂളുകള്‍ക്കും സർ‍ക്കാർ ഉത്തരവ് ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Back to top button
error: