തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ അബുദാബിയിൽ നിന്നും പിടികൂടി. ഇന്റർപോളിൻറെ സഹായത്തോടെയാണ് കേരള പൊലീസ് പ്രതിയെ അബുദാബിയിൽ നിന്നു പിടികൂടിയത്. നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ ( 26 ) യാണ് കേരള പൊലീസ് യു എ ഇയിലെത്തി പിടികൂടിയത്. തിരുവനന്തപുരം റൂറൽ ഡി സി ആർ ബി ഡി വൈ എസ് പി വിജുകുമാർ, പള്ളിക്കൽ ഐ എസ് എച്ച് ഒ ശ്രീജേഷ് വി കെ, ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യു എ ഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.
ഇന്ന് പുലർച്ചെ 3.55 ന് എയർ ഇന്ത്യ എക്സ്പ്രസിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഒന്നിലധികം ദിവസങ്ങളിൽ ഫെബിൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.
പെൺകുട്ടിക്ക് പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാവുകയും സ്വഭാവത്തിൽ വ്യത്യാസം വരികയും ചെയ്തതോടെ സ്കൂളിലെ ക്ലാസ് ടീച്ചർ കൂട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് 2019 ൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി വിദേശത്തേയ്ക്ക് കടന്നിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് റൂറൽ എസ് പി ശിൽപയുടെ നിർദ്ദേശപ്രകാരം ഡി വൈ എസ് പി പി. നിയാസിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻറെ പ്രവർത്തനമാണ് വിദേശത്ത് കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടാൻ സഹായകമായത്.