പാലക്കാട്: വടക്കഞ്ചേരിയില്‍ ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോള്‍ ഉടമയ്ക്ക് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്താണ് വെളിപ്പെടുത്തിയത്. ആദ്യം രാത്രി 10.18നും പിന്നാലെ 10.56നും ബസ് അമിത വേഗത്തിലെന്ന് ആര്‍സി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബസ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരിട്ടെത്തി പരിശോധിച്ചു. വേഗതാ പരിശോധന കര്‍ശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിനോദയാത്രയ്ക്കു മുന്‍പ് സ്കൂള്‍ അധികൃതര്‍ യാത്രാസംബന്ധമായ വിവരങ്ങള്‍ ഗതാഗത വകുപ്പിന് കൈമാറണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് 5 വിദ്യാര്‍ഥികളടക്കം ഒന്‍പത് പേരുടെ ജീവനെടുത്തത്. അപകടസമയത്ത് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി.
”കുട്ടികളുടെ അവധി നമ്മള് പ്ലാന്‍ ചെയ്യുന്നുണ്ട്, പരീക്ഷ പ്ലാന്‍ ചെയ്യുന്നുണ്ട്. അവര്‍ക്കു വേണ്ട സിലബസും കരിക്കുലവും പ്ലാന്‍ ചെയ്യുന്നുണ്ട്. പിന്നെ എന്തുകൊണ്ട് അവര്‍ക്കു വേണ്ട യാത്രകള്‍ കൂടി പ്ലാന്‍ ചെയ്തുകൂടാ? കുട്ടികള്‍ക്ക് നല്‍കേണ്ട ശ്രദ്ധ മുഴുവന്‍ നല്കി സ്കൂള്‍ അധികൃതര്‍, ഇന്ന സ്കൂളിലെ ഇത്ര കുട്ടികള്‍ ഇന്ന ബസില്‍ ഇന്ന സ്ഥലത്തേക്ക് പോകുന്നുവെന്നും, ബസിന്റെയും ഡ്രൈവറുടെയും ഫിറ്റ്നസ് പരിശോധിച്ച് വിവരം നല്‍കണമെന്നും ആവശ്യപ്പെട്ടാല്‍, ഞങ്ങളത് 100 ശതമാനം ചെയ്തു കൊടുക്കും” – ശ്രീജിത്ത് പറഞ്ഞു.
”കേരളത്തിലെ 22,000 സ്കൂള്‍ ബസുകളുടെയും ഡ്രൈവര്‍മാരുടെയും ഫിറ്റ്നസ് പരിശോധിക്കുന്ന ഞങ്ങള്‍ക്ക് അതിന് യാതൊരു പ്രശ്നവുമില്ല. അവര്‍ അത് പറയാനായി ഞങ്ങള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. അപ്പോള്‍ അത് പറയാനുള്ള ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചേ പറ്റൂ. അവര്‍ എല്ലാ കാര്യങ്ങളും ഞങ്ങളെ അറിയിക്കണം. ഞങ്ങള്‍ അത് അന്വേഷിച്ച്, യാത്രതന്നെ അല്പം വൈകിയാലും എല്ലാം ക്രമീകരിക്കും” -അദ്ദേഹം പറഞ്ഞു.