KeralaNEWS

അവസാന യാത്രയില്‍ പ്രിയ ‘സോദരനെ’ തോളിലേറ്റി പിണറായി വിജയന്‍

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. ഒരു നാടിന്റെ മുഴുവന്‍ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി അദ്ദേഹം കണ്ണൂര്‍ പയ്യാമ്പലത്തെ ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളാന്‍ യാത്രയായത്. പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. തന്റെ പ്രിയ സുഹൃത്തിനെ അവസാന യാത്രയില്‍ തോളിലേറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍തന്നെയുണ്ടായിരുന്നു.

അഴീക്കോടന്‍ സ്മാരകം മുതല്‍ പയ്യാമ്പലം വരെ വിലാപയാത്ര നടക്കുമ്പോള്‍ ഏവരും കണ്ണീരോടെ ശ്രദ്ധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രിയും നേതാക്കളും അഴീക്കോടന്‍ സ്മാരകം മുതല്‍ പയ്യാമ്പലം ബീച്ചു വരെ കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു.

Signature-ad

മൂന്ന് കിലോമീറ്ററിലേറെയാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്റെ മുന്‍നിരനേതാക്കളടക്കമുള്ളവര്‍ കാല്‍നടയായി കോടിയേരിയുടെ മൃതദേഹത്തെ അനുഗമിച്ചത്. മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കിയപ്പോള്‍ പിണറായി വിജയന്‍ സ്വന്തം ചുമലിലേക്ക് ശവമഞ്ചം ഏറ്റുവാങ്ങി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എം.എ ബേബി, പ്രകാശ് കാരാട്ട്, ജി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ കൂടി ശവമഞ്ചം ചുമലിലേറ്റി.

കോടിയേരിയുടെ ഭാര്യ വിനോദിനിയേയും കുടുംബാംഗങ്ങളേയും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പിണറായി വിജയന്റെ ഭാര്യ കമലയും കൂടെത്തന്നെ ഉണ്ടായിരുന്നു.

ഭാര്യ വിനോദിനി അന്ത്യം ചുംബനം നല്‍കിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

സാക്ഷ്യം വഹിച്ച് വന്‍ ജനക്കൂട്ടവും സി.പി.എം നേതൃനിരയുമുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് മധ്യേ കോടിയേരിക്ക് ഇനി നിത്യനിദ്ര.

 

Back to top button
error: