Breaking NewsNEWS

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്‍.ഇ. ബലറാം, പി.കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രന്‍ ആദ്യം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോള്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

Signature-ad

സമ്മേളനം തുടങ്ങുന്ന സമയത്ത് തന്നെ പ്രായപരിധിയുടെ വിഷയത്തിലും ഒപ്പം തന്നെ സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളില്‍ എട്ട് ജില്ലകള്‍ കാനം രാജേന്ദ്രന് ഒപ്പം നില്‍ക്കുകയും നാല് ജില്ലകള്‍ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരാള്‍ മത്സരിച്ചാല്‍ വിജയിക്കില്ല എന്ന സാധ്യത ഉയര്‍ന്നിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായാല്‍ ഇതുവരെയുള്ള സമ്മേളനത്തിന്റെ പകിട്ട് പോകും അല്ലെങ്കില്‍ സമ്മേളനത്തെ മറ്റൊരു രീതിയിലേക്ക് മാറ്റും അത്തരം ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശം ദേശീയ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Back to top button
error: