മൊബൈല്‍ സിം ലഭിക്കാന്‍ വ്യാജ രേഖകള്‍ നല്‍കുകയോ വാട്സാപ്പ്, ടെലിഗ്രാം പോലുള്ളവയില്‍ വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്താല്‍ പഴയു തടവും ലഭിക്കും.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടെലികമ്യൂണിക്കേഷന്റെ ബില്ലിന്റെ കരടിലാണ് ഈ നിര്‍ദേശം. ഒരുവര്‍ഷം തടവോ 50,000 രൂപവരെ പിഴയോ ചുമത്താം. ടെലികോം സേവനം തടയാനും അനുമതി നല്‍കും. വാറിന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കാനും കോടതിയുടെ അനുമതിയില്ലാതെ അന്വേഷണം നടത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കരട് ബില്ലില്‍ ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
വ്യാജ രേഖകള്‍ നല്കി സിംകാര്‍ഡ് എടുത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വാട്സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകള്‍വഴി യഥാര്‍ഥ വ്യക്തിവിവരം മറച്ചുവെച്ചുള്ള തട്ടിപ്പുകള്‍ കൂടുന്നതായും ബില്ലില്‍ പറയുന്നു.
ആരാണ് വിളിക്കുന്നതെന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ കഴിയണം. ഒ.ടി.ടി പ്ലാറ്റ് ഫോമുകളില്‍ അക്കൗണ്ട് എടുക്കുമ്പോള്‍ ഉപഭോക്താവിനെ അറിയുക(കൈവസി)യെന്ന നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ഫോണ്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് അറിയാന്‍ പുതിയ നിര്‍ദേശം നടപ്പിലായാല്‍ കഴിയും. നിലവില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ച് ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് എങ്കിലും അതിലെ പരിമിതി മറികടക്കാനാണ് പുതിയ നിര്‍ദേശം.