PravasiTRENDING

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

മസ്‌കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. അടുത് വര്‍ഷം ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ലംഘിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തകള്‍ എന്നിവയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും.

നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. രാജ്യത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിലാക്കുകയാണ് ഒമാന്‍ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇത്തരം ബാഗുകള്‍ക്ക് പകരം രണ്ടും മൂന്നും തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാഗുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പത് മുതലാണ് ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചത്.

Signature-ad

അതേസമയം അബുദാബിയിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അറിയിച്ചിരുന്നു. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. മലിനീകരണം കുറച്ച് ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിതരീതിയും പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമാണ് ഈ സമഗ്ര നയമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. റീട്ടെയില്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രോണിക് സ്‌റ്റോറുകള്‍, റസ്‌റ്റോറന്റുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും.

ഇ-കൊമേഴ്‌സ് ഡെലിവറികള്‍ക്കും താരിഫ് ബാധകമാണ്. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത് അനുസരിച്ചാണ് നടപടി. നൂറു ശതമാനം ബിസിനസുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനോ ചാര്‍ജ് ഈടാക്കുന്നതിനോ അനുമതി നല്‍കിയിട്ടുണ്ട്.

Back to top button
error: