
കൊച്ചി: ഓണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.എന്നാൽ കഴിഞ്ഞ തവണ ഓണം ബംബർ ഭാഗ്യം തുണച്ച(12 കോടി) ജയപാലൻ പറയുന്നത് കേൾക്കൂ:
‘ലോട്ടറി അടിച്ച് കഴിഞ്ഞാൽ അടുത്ത രണ്ട് കൊല്ലത്തേക്ക് ആർക്കും പത്തു പൈസ കൊടുക്കരുത്.നമ്മുക്ക് അത്യാവശ്യം വേണ്ട ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതിൽ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യാവൂ’- ജയപാലൻ പറയുന്നു.
12 കോടി ലഭിച്ച ജയപാലന് നികുതി കിഴിച്ച് ബാക്കി ലഭിച്ചത് 7 കോടി രൂപയാണ്.ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരു കോടി 45 ലക്ഷം വീണ്ടും നികുതി അടയ്‌ക്കേണ്ടി വന്നു. പണം വേറെ വഴി ചെലവഴിച്ചിരുന്നെങ്കിൽ സ്ഥലവും മറ്റും വിറ്റ് നികുതി അടയ്‌ക്കേണ്ടി വന്നേനെ. ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ വരും. ഓരോ മാസവും ഇത്തരത്തിൽ തുക വന്ന് അധിക തുക പിഴയായി അടയ്‌ക്കേണ്ടി വരും.’- ജയപാലൻ പറയുന്നു.
ലോട്ടറി അടിച്ച ശേഷം നിരവധി പേരാണ് സഹായം അഭ്യർത്ഥിച്ച് വന്നത്.കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ളവർ സഹായം ചോദിച്ചു വന്നു.വീട്ടിൽ ഇരിക്കാൻ വയ്യാത്ത അവസ്ഥ.മറുവശത്ത് വിശ്രമമില്ലാത്ത ഫോൺ.ഇവർക്കൊക്കെ എങ്ങനെ ഈ നമ്പർ ലഭിക്കുന്നു? സമുദായം, രാഷ്ട്രീയം… തുടങ്ങി വേറെയും പ്രശ്നങ്ങൾ.കൊടുത്തില്ലെങ്കിൽ ഭീഷണി.നാട്ടിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന വെല്ലുവിളി.സത്യത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ പേരുവിവരങ്ങൾ ലോട്ടറി വകുപ്പ് പുറത്തുവിടരുത്-ജയപാലൻ പറയുന്നു.
എങ്കിലും ഇത്തവണ ഓണം ബംബറിന്റെ രണ്ടു ടിക്കറ്റുകൾ ജയപാലൻ വാങ്ങിയിട്ടുണ്ട്.തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലൻ ഓട്ടോ ഡ്രൈവറാണ്.





