CrimeNEWS

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ ശിക്ഷായിളവ് ഹർജി ഹൈക്കോടതി തള്ളി, നിഷാം ജയിലിൽ തുടരും

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. നിഷാമിന് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

‘ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞു, തനിക്ക് ജാമ്യം നല്‍കണം, കുറ്റം ബോധപൂര്‍വ്വമായിരുന്നില്ല’ തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയില്‍ പ്രധാനമായും നിഷാം ഉന്നയിച്ചിരുന്നത്. ജീവപര്യന്തവും 24 വര്‍ഷം മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള തടവുമാണ് നിഷാമിന് ശിക്ഷ വിധിച്ചത്. ഇത് തുടര്‍ന്നും അനുഭവിക്കണമെന്ന് ഹര്‍ജി തള്ളിയ കോടതി വ്യക്തമാക്കി.

Signature-ad

വിചാരണക്കോടതി ശിക്ഷ വിധിച്ചത് 2016ലാണ്. ഏഴ് വകുപ്പുകളാണ് ചുമത്തിയത്. ഏഴിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, 80 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നൽകണമെന്നും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തേ ശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. അതിസമ്പന്നനായ നിഷാം താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാൻ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ജീവപര്യന്തം തടവിനുള്ള കുറ്റകൃത്യമല്ല നിഷാം ചെയ്തതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് പരമാവധി ശിക്ഷ നല്‍കണം എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ അപ്പീല്‍ തള്ളിയ കോടതി നിലവിലുള്ള ശിക്ഷ തുടരാനും നിര്‍ദേശിച്ചു.

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രതിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Back to top button
error: