ഖെർസൺ: വടക്കു കിഴക്കൻ യുക്രെയിനിലെ നിർണായക മേഖലകളിൽ റഷ്യൻ സേനയ്ക്ക് കനത്ത തിരിച്ചടി തുടരുന്നു. ഖെർസൺ അടക്കം പല പ്രദേശങ്ങളിലും റഷ്യൻ സൈന്യത്തിന് കനത്ത ആൾനാശമുണ്ടാക്കിയതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യൻ പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഈ പ്രദേശങ്ങളിൽ ജനം ആഹ്ളാദ പ്രകടനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കാർഖീവ്/ഡോണെറ്റ്സ്ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രൈൻ അവകാശപ്പെട്ടു. പല മേഖലകളിലും റഷ്യൻ പട്ടാളം പ്രതിരോധിക്കാൻ പോലും മുതിരാതെ തോറ്റോടിയെന്നും റഷ്യ കീഴടക്കിവെച്ചിരുന്ന മൂവായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം മോചിപ്പിച്ചതായും യുക്രൈൻ പറയുന്നു.
പൂർവാധികം ശക്തിയോടെ തിരിച്ചടിക്കാൻ വേണ്ടിയുള്ള താത്കാലിക പിൻവാങ്ങലാണ് കാർഖീവ് മേഖലയിൽ നടത്തിയതെന്നാണ് റഷ്യയുടെ നിലപാട്. യുദ്ധരംഗത്തെ തോൽവിക്ക് പകരംവീട്ടാൻ ജനവാസ കേന്ദ്രങ്ങൾക്കും വൈദ്യുത നിലയങ്ങൾക്കും നേരെ റഷ്യ ആക്രമണം നടത്തുകയാണ് എന്ന് യുക്രെയിൻ ആരോപിച്ചു.
അതേസമയം ഇന്നലെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കാർഖീവിലെ താപ വൈദ്യുത നിലയത്തിന് കനത്ത നാശം ഉണ്ടായി. വൈദ്യുതനിലയം തകർന്നതോടെ ലക്ഷക്കണക്കിനാളുകൾ ഇരുട്ടിലായതായി നഗരത്തിൻ്റെ മേയർ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും കൂടുതൽ ആയുധ സഹായം എത്തി തുടങ്ങിയതോടെ ആണ് യുക്രൈൻ സൈന്യം ശക്തമായി തിരിച്ചടിച്ചു തുടങ്ങിയത്. റഷ്യയിൽ നിന്ന് തിരികെ പിടിച്ച യുക്രൈൻ മേഖലകളിൽ ജനങ്ങൾ ആഹ്ലാദപ്രകടനങ്ങൾ തുടരുകയാണ്. ശൈത്യകാലത്തിന് മുൻപായി പരമാവധി മുന്നേറ്റം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് യുക്രൈൻ സൈന്യം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത്.
അതേസമയം യുക്രൈൻ യുദ്ധത്തിൽ തുടർച്ചയായി ഉണ്ടാവുന്ന തിരിച്ചടികൾ റഷ്യയിൽ വലിയ ജനരോഷം സൃഷ്ടിക്കുന്നുണ്ട്. വിവിധ ദേശീയവാദി ഗ്രൂപ്പുകൾ ടെലിഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്താൻ പുടിൻ തയ്യാറാവണം എന്നാണ് അവരുടെ ആവശ്യം.