IndiaNEWS

കേരളത്തിലെ തെരുവുനായ് പ്രശ്‌നം അതീവഗുരുതരം; 28 ന് ഇടക്കാല ഉത്തരവെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവ്നായ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. പ്രശ്നപരിഹാരത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനടക്കം കേസിലെ എല്ലാ കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. വിഷയം വിശദമായി കേള്‍ക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രശ്നത്തില്‍ ഇടക്കാല ഉത്തരവ് സെപ്തംബര്‍ 28 നുണ്ടാകുമെന്ന് അറിയിച്ചു. ഇതിനുമുന്‍പായി ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിട്ടും ആളുകള്‍ മരണപ്പെടുന്ന സ്ഥിതിയെക്കുറിച്ച് അഭിഭാഷകനായ വി.കെ ബിജു കോടതിയെ ബോദ്ധ്യപ്പെടുത്തി. അതേസമയം, ഇക്കാരണത്താല്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മൃഗസ്നേഹികളുടെ അഭിഭാഷകനും വാദത്തിനിടെ വ്യക്തമാക്കി.

Signature-ad

സംസ്ഥാന ചട്ടങ്ങള്‍ പാലിച്ച് തെരുവ്നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ വി.ഗിരിയും സ്റ്റാന്റിംഗ് കൗണ്‍സല്‍ സി.കെ ശശിയും കോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരാണ് കേസ് പരിഗണിച്ചത്. താനും നായകളെ ഇഷ്ടപ്പെടുകയും വളര്‍ത്തുകയും ചെയ്യുന്നയാളാണെന്നും പക്ഷെ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.

പേ വിഷബാധ സ്ഥിരീകരിച്ചതും ആക്രമണം നടത്തുന്നതുമായ നായ്ക്കളെ കേന്ദ്ര ചട്ടമനുസരിച്ച് കൊന്നുകൂടെയെന്ന് കോടതി ചോദിച്ചു. പൊതു അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ് സംസ്ഥാനത്തെ സാഹചര്യമെന്നും സുപ്രീംകോടതി ഉടന്‍ നടപടിയെടുക്കണമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചത്. തെരുവ് നായ്ക്കളെ പരിപാലിക്കണമെന്ന് വാദിക്കുന്നവര്‍ അത് ചെയ്യാവുന്നതാണെന്നും എന്നാല്‍ നായയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.പ്രശ്നക്കാരായ നായ്ക്കളെയും അല്ലാത്തവയെയും പ്രത്യേകം പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു.

Back to top button
error: