ഇംഫാല്‍: ബിഹാറില്‍ സഖ്യം പൊളിച്ച ജെ.ഡി.യു. നേതാവ് നിതീഷ് കുമാറിനോട്, മണിപ്പൂരില്‍ ‘പകരം വീട്ടി’ ബി.ജെ.പി. മണിപ്പൂരില്‍ ജെ.ഡി.യു. അംഗങ്ങളായ അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരില്‍ ജെ.ഡി.യുവിന് ആകെ ഏഴ് എം.എല്‍.എമാരാണുള്ളത്. അതില്‍ അഞ്ച് പേരാണ് ബി.ജെ.പിയില്‍ ലയിച്ചത്.
ബിഹാറില്‍ ഒന്‍പതു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിതീഷ് ബി.ജെ.പിയെ പാതി വഴിയില്‍ ഉപേക്ഷിക്കുന്നത്. അഞ്ച് ജെ.ഡി.യു. എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് സ്പീക്കര്‍ അംഗീകാരം നല്‍കിയതായി മണിപ്പുര്‍ നിയമസഭാ സെക്രട്ടറി വ്യക്തമാക്കി. ജോയ്കിഷന്, എന്‍. സനാത്തെ, മുഹമ്മദ് അചാബുദ്ദീന്‍, മുന്‍ ഡി.ജി.പി. എല്‍.എം. ഖൗട്ടെ, താങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പി. എം.എല്‍.എമാരെ ചാക്കിലാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2020 ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള ഏഴു ജെ.ഡി.യു. എം.എല്‍.എമാരില്‍ ആറു പേര് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അരുണാചലില്‍ ശേഷിച്ചിരുന്ന ഏക ജെഡിയു എം.എല്‍.എയും പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.