കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വകവരുത്താന്‍ തെലങ്കാനയില്‍നിന്ന് ഷൂട്ടര്‍മാര്‍ എത്തുന്നു. ശനിയാഴ്ചയെത്തുന്ന ഷൂട്ടര്‍മാര്‍ മൂന്നുദിവസം കോടഞ്ചേരിയില്‍ ക്യാമ്പ് ചെയ്യും. കൃഷിക്കാര്‍ അറിയിക്കുന്ന മുറയ്ക്ക് കൃഷിയിടങ്ങളില്‍വന്ന് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലും. ഇതിനായി, വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്തോടെ ജനകീയപങ്കാളിത്തത്തില്‍ പദ്ധതി തയ്യാറാക്കിതായി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.
കൃഷിയിടങ്ങളില്‍ ഇറങ്ങി നാശംവിതക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് സഹായങ്ങള്‍നല്‍കുന്ന തെലുങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് ഷൂട്ടര്‍മാര്‍എത്തുന്നത്. ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ് നടപടി.
കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള ലൈസന്‍സ് ഇവര്‍ക്കുണ്ട്. താമസസൗകര്യവും ഭക്ഷണവും പഞ്ചായത്ത് ഒരുക്കും. തമിഴ്നാട്ടിലും കര്‍ണാടകയിലും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്ന പരിചയം ഇവര്‍ക്കുണ്ട്. ഇവിടെ വേണ്ടത്ര ഷൂട്ടര്‍മാര്‍ ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരുനടപടിക്ക് പഞ്ചായത്ത് മുന്‍കൈയെടുത്തത്. ഇവര്‍ കേരളത്തില്‍വന്ന് പന്നികളെ ഇല്ലായ്മ ചെയ്യുന്നതിന് നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.