BusinessTRENDING

റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിനെ ഇനി ഇഷ അംബാനി നയിക്കും

റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പ് ഇനി ഇഷ നയിക്കും. ഇന്നലെ നടന്ന റിലയന്‍സിന്റെ ആനുവല്‍ ജനറല്‍ മീറ്റിങിലായിരുന്നു പ്രഖ്യാപനം. മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നകുടുംബങ്ങളിലൊന്ന് പാരമ്പര്യ പിന്തുടര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് എജിഎമ്മാണ് (വാര്‍ഷിക പൊതുയോഗം) ഇന്നലെ നടന്നത്. വാട്ട്‌സാപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകള്‍ നല്‍കുന്നതിനെ കുറിച്ചും പണമടയ്ക്കുന്നതിനെ കുറിച്ചും എജിഎമ്മില്‍ ഇഷ അംബാനി ഒരു അവതരണം നടത്തി. റിലയന്‍സ് റീട്ടെയില്‍ ഒരു എഫ്എംസിജിയായി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) അവതരിപ്പിക്കുമെന്നും മീറ്റിങില്‍ പറഞ്ഞു. ഈ ബിസിനസിന്റെ ലക്ഷ്യം മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഉപയോഗിച്ച് ഉല്പാദനം വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ്. ഇനി മുതല്‍ റിലയന്‍സ് റീട്ടെയില്‍ വഴി ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിപണനവും ചെയ്യും.

Signature-ad

‘ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഗോത്രവര്‍ഗക്കാരും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ ഇന്ത്യയിലുടനീളം വിപണനം ചെയ്തു തുടങ്ങുമെന്ന്’ ഇഷ അംബാനി പറഞ്ഞു. ഇത് തൊഴിലിനെയും സംരംഭകത്വത്തെയും സഹായിക്കും. ഇന്ത്യന്‍ കരകൗശല വിദഗ്ധരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഴിവും വൈദഗ്ധ്യവും വിജ്ഞാന അടിത്തറയും സംരക്ഷിക്കാനും ഇത് സഹായിക്കും.റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളുടെ എണ്ണം 15,000 ആയി ഉയര്‍ത്തിയിട്ടുമുണ്ട്.

യേല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് 30 കാരിയായ ഇഷ. പിരാമല്‍ ഗ്രൂപ്പിലെ അജയ്-സ്വാതി പിരമള്‍ ദമ്പതികളുടെ മകന്‍ ആനന്ദ് പിരാമലാണ് ഇഷയുടെ ജീവിതപങ്കാളി. റിലയന്‍സിന്റെ ടെലികോം വിഭാഗത്തിന്റെ നേതൃത്വം മകന് നല്‍കിയതിന് ശേഷം മുകേഷ് അംബാനി നേതൃത്വ കൈമാറ്റത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലത്തെ പ്രഖ്യാപനം അംബാനിയുടെ സാമ്രാജ്യത്തിലുണ്ടാകാന്‍ പോകുന്ന മാറ്റത്തിന്റെ അടുത്ത ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും ഓയില്‍-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി.65 കാരനായ അംബാനിക്ക് മൂന്ന് മക്കളുണ്ട് – ഇരട്ടകളായ ആകാശ്, ഇഷ, ഇളയ മകന്‍ അനന്ത്.

Back to top button
error: