മുന്നിൽ എല്ലാ വഴികളും അടഞ്ഞു. വിദ്യാഭ്യാസം തുടരാൻ സാധിക്കുന്നില്ല, പല വാതിലുകളിൽ മുട്ടിയിട്ടും ഒരു തൊഴിൽ ലഭിച്ചില്ല. ആഹാരമില്ല, ആശ്രയമില്ല, ഒടുവിൽ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടിയിരിക്കുകയാണ് മലയാളി ട്രാന്‍സ് വുമണ്‍ റിഹാന. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെത്തിയത്. ബംഗളൂരുവില്‍ വെച്ച് രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പലരുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയ ചെയ്തത്.
ബംഗളൂരുവില്‍ ജോലി തേടി. ടെക്സ്റ്റൈല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ അലത്തെങ്കിലും ജോലി ലഭിച്ചില്ല. വിദ്യാഭ്യാസം പ്ലസ് ടു മാത്രമായിരുന്നു. ഇതോടെ, കോളജ് പഠനം പൂര്‍ത്തിയാക്കിയാല്‍ നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല. സ്വത്വത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങളും അതിക്രമങ്ങളും റിഹാനയെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.
വാടകയ്ക്ക് ഒരു വീട് കിട്ടാനും ഇവര്‍ ഏറെ വിഷമിച്ചു. ഇതിനിടെ ഉപജീവനത്തിനായി ഭിക്ഷാടനം തുടങ്ങിയിരുന്നു റിഹാന. ലൈംഗികത്തൊഴിലിനോട് താല്പര്യമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഭിക്ഷാടനം തുടങ്ങിയത്. പക്ഷെ, ഒടുവിൽ ജീവിക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നു. ജീവിക്കാന്‍ മറ്റ് വഴിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ കര്‍ണാടകയിലെ കൂര്‍ഗില്‍ ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ദയാവധത്തിന് അപേക്ഷ നല്‍കിയത്.
മരിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല, എന്നാല്‍ ജീവിക്കാന്‍ ഇനിയൊരു വഴിയും മുന്നിലില്ല എന്ന തോന്നലാണ് ഇത്തരമൊരു അപേക്ഷ നല്‍കുന്നതിലേക്ക് തന്നെയെത്തിച്ചതെന്ന് റിഹാന മാധ്യമങ്ങളോട് വിശദീകരിച്ചു. ഭരണകൂടം റിഹാനയുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. എന്നാല്‍, അപേക്ഷ സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുവെന്നും ഇതോടെയാണ് അവര്‍ തന്റെ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായതെന്നും റിഹാന വെളിപ്പെടുത്തി.