CrimeNEWS

ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകള്‍; അയച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ കേണലെന്ന് പിടിയിലായ ഭീകരന്‍

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകളെ അയച്ചെന്ന് വെളിപ്പെടുത്തല്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ കേണല്‍ യൂനസ് ആണെന്നും സൈന്യം പിടികൂടിയ ഭീകരന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയ ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ ആണ് ഇക്കാര്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തിയത്. നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ ഇയാള്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. പരമാവധി ഇന്ത്യന്‍ സൈനികരെ വധിക്കണമെന്ന നിര്‍ദേശം നല്‍കിയാണ് പാകിസ്ഥാന്‍ കേണല്‍ തന്നെ അയച്ചതെന്നും മുപ്പതിനായിരം രൂപ ഇയാള്‍ നല്‍കിയെന്നും തബ്രാക്ക് ഹുസൈന്‍ പറയുന്നു.

പാക് അധിനിവേശ കശ്മീരിലെ കൊട്‌ലി എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാള്‍. സൈന്യത്തിന്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഇയാള്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സയുടെ ബലത്തിലാണ് രക്ഷപ്പെട്ടത്. മൂന്നോ നാലോ തീവ്രവാദികള്‍ക്കൊപ്പമാണ് നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിലെ കേണല്‍ ചൗധരി യൂനസാണ് നിയന്ത്രണരേഖ നുഴഞ്ഞു കയറി ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതിനായുള്ള ആയുധങ്ങളുമായിട്ടാണ് നിയന്ത്രണരേഖ കടന്നതും. എന്നാല്‍ സൈന്യം ഞങ്ങളെ കണ്ടെത്തുകയും വെടിവച്ചിടുകയും ചെയ്തതോടെ ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞോടി – തബ്രാക്ക് ഹുസൈന്‍ പറയുന്നു.

Signature-ad

അതേസമയം ജമ്മു കശ്മീരിലെ അഖ്‌നൂര്‍ സെക്ടറിലെ പല്ലന്‍വാല മേഖലയില്‍ തുടര്‍ച്ചയായുള്ള നുഴഞ്ഞു കയറ്റ നീക്കം നടന്നതായി സൈന്യം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയും ഇവിടെ നുഴഞ്ഞു കയറാനുള്ള ശ്രമം സൈന്യം ചെറുത്തു തോല്‍പിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയുള്ള മൂന്നാമത്തെ നുഴഞ്ഞു കയറ്റ ശ്രമമാണിത്. നേരത്തെ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമത്തിനിടെ കുഴിബോംബില്‍ ചവിട്ടി രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

 

Back to top button
error: