കണ്ണൂർ: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് മന്ത്രി എ മുഹമ്മദ് റിയാസ്.
ഇതുകാരണം ദിവസത്തിനുദിവസം കോണ്‍ഗ്രസിന് സീറ്റുകള്‍ കുറയുകയും ബിജെപിക്ക് വര്‍ധിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്കാണ് ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയത്. ആര്. എസ്. എസ് താല്പര്യം സംരക്ഷിക്കുന്ന ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചതും ഭരണം തുടരാൻ ഇപ്പോഴും അവരെ സഹായിക്കുന്നതും കോണ്‍ഗ്രസാണ്’-റിയാസ് കുറ്റപ്പെടുത്തി.
സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്. എസ്. എസ്. ഇവര്‍ക്ക് കൊടി പിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും റിയാസ് പറഞ്ഞു.ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ജില്ലാതല പരിപാടിയില്‍ സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്, ഡോ.ടി.ശിവദാസന്‍ എംപി, കെ.വി സുമേഷ് എംഎല്‍എ, ടി.വി രാജേഷ്, എം. പ്രകാശന്, പി.കെ ശ്യാമള,ഡി. വൈ. എഫ്. ഐ നേതാക്കളായ മുഹമ്മദ് അഫ്സല്, സരിന്‍ശശി തുടങ്ങിയവര്‍ പങ്കെടുത്തു.