ചെന്നൈ: സാമൂഹിക പരിഷ്കര്‍ത്താവും ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രമുഖ വക്താവുമായിരുന്ന തന്തൈ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമതകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ഹിന്ദു മുന്നണി നേതാവ് അറസ്റ്റി. സിനിമാ സംഘട്ടന സംവിധായകനും ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റുമായ കനല് കണ്ണന് ആണ് അറസ്റ്റിലായത്.
ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ കനല് കണ്ണന് ആഹ്വാനം ചെയ്തിരുന്നു. ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നത്. എന്നാല്‍ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നില്‍ വയ്ക്കരുതെന്നും അത് തകര്‍ക്കണമെന്നുമാണ് കനല് കണ്ണന് പറഞ്ഞത്.
തുടര്‍ന്ന് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാക്കളുടെ പരാതിയില്‍ ചെന്നൈ സൈബര്‍ക്രൈം പോലീസാണ് നടപടിയെടുത്തത്. അറസ്റ്റിന്റെ സൂചന ലഭിച്ചത് തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം കനല് കണ്ണന് നടത്തിയിരുന്നു. എന്നാല്‍ ജില്ലാകോടതി വ്യാഴാഴ്ച അപേക്ഷ തള്ളി. ഇതോടെ ഞായറാഴ്ച കനല് കണ്ണനെ പുതുച്ചേരിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള കനല് കണ്ണന് നിരവധി സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദ്രാവിഡര്‍ കഴകം സ്ഥാപകനായ പെരിയാറിന്റെ വെങ്കല പ്രതിമ 2006ലാണ് ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചത്.