പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടും. ഇതിന്റെ വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് അഭിനന്ദനവും അറിയിച്ചു.
വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെച്ചത്. ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും ഉൾപ്പടെയുള്ള ടീം നല്‍കുന്നതെന്നും ഇരുവരും മികച്ച ഡോക്ടര്‍മാരും മികച്ച ഡാന്‍സര്‍മാരുമാണെന്നും വീണാ ജോര്‍ജ്ജ് വീഡിയോക്കൊപ്പം കുറിച്ചു.
‘ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും’
കുറിപ്പില്‍ മന്ത്രി പറയുന്നു. ഇതിന് താഴെ നിരവധി പേര് പ്രതികരണങ്ങളുമായി എത്തി. ആരോഗ്യമന്ത്രിയുടെ പ്രോത്സാഹനം കാണുമ്പോള്‍ സന്തോഷമുണ്ടെന്നായിരുന്നു ഒരു കമന്റ്. കൂടുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കാന്‍ ഈ വാക്കുകള്‍ പ്രചോദനമാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.