KeralaNEWS

ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള പാച്ചിലില്‍ നിരപരാധികളെ കൊല്ലരുത്; ഹെല്‍മെറ്റിലെ ക്യാമറയ്ക്ക് സംസ്ഥാനത്ത് നിരോധനം: ലംഘിച്ചാല്‍ 1000 പിഴ, ലൈസന്‍സ് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റില്‍ ക്യാമറവച്ചുള്ള യാത്ര നിരോധിച്ച്് സര്‍ക്കാര്‍. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം. വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി. പുതുതലമുറയിലെ യുവാക്കള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള പാച്ചിലില്‍ അപകടമുണ്ടാക്കുകയും നിരപരാധികള്‍ ബലിയാടാകുകയും ചെയ്യുന്നതുള്‍പ്പെടെ കണക്കിലെടുത്താണ് നടപടി.

Signature-ad

ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ കര്‍ശന നടപടിക്ക് ഒരുങ്ങിയിരുന്നെങ്കിലും ഉത്തരവ് വരുന്നത് ഇപ്പോഴാണ്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ കുറച്ചുനാളുകള്‍ക്കു മുമ്പുമുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹെല്‍മറ്റ് ക്യാമറകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ആദ്യമായി നടപടി ആലോചിക്കാന്‍ തുടങ്ങിയത്.

പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്തകാലത്തായി ഹെല്‍മറ്റ് ക്യാമറയുടെ സഹായത്താല്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവയ്ക്കുമെന്നതിനാലാണ് ഔദ്യോഗികമായി ഉത്തരവിറക്കി സര്‍ക്കാന്‍ ഹെല്‍മെറ്റിലെ ക്യാമറ നിരോധിച്ചിരിക്കുന്നത്.

Back to top button
error: