ബാങ്കോക്ക്: തായ്ലന്‍ഡില്‍ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. തെക്ക്-കിഴക്കന്‍ തായ്ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ നിശാക്ലബില്‍ വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തീപിടുത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി പ്രയുത് ചാന്‍-ഓച്ച അറിയിച്ചു
സത്താഹിപ് ജില്ലയിലെ മൗണ്ടന്‍ ബി നൈറ്റ്സ്പോട്ടില്‍ ആണ് അപകടമുണ്ടായത്. പ്രദേശത്തെ സിസിടിവികളില്‍ നിന്നും കണ്ടെടുത്ത ഫൂട്ടേജുകളില്‍ ആളുകള്‍ ഓടിപ്പോകുമ്പോഴും വസ്ത്രങ്ങള്‍ കത്തുന്നത് കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 4,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഒറ്റനില സമുച്ചയത്തിലായിരുന്നു നിശാക്ലബ്ബ്. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. ചുവരുകളില്‍ പതിച്ചിരുന്ന തീപിടിക്കുന്ന വസ്തുക്കള്‍ സ്ഥിതിരൂക്ഷമാക്കിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
തത്സമയ സംഗീത പ്രകടനത്തിനിടെ വേദിയിലാണ് ആദ്യം തീപിടുത്തമുണ്ടായതെന്ന്, സംഭവത്തില്‍ മരിച്ച സംഗീത പരിപാടിയുടെ അവതാരകരില്‍ ഒരാളുടെ അമ്മ പറഞ്ഞു. പ്രവേശന കവാടത്തിനടുത്തും കുളിമുറിയിലുമാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതലും കണ്ടെത്തിയത്. മറ്റുള്ളവരെ ഡിജെ ബൂത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചവരെല്ലാം തായ്ലന്‍ഡ് പൗരന്മാരാണെന്നാണ് കരുതുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.