തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിനോട് ചേര്‍ന്ന ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ കിലാചേരിയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളായ സേക്രഡ് ഹാര്‍ട്സ് ഗേള്‍സ് ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ 17കാരിയായ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ഇന്ന് (തിങ്കൾ) രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡി.ഐ.ജി എം സത്യപ്രിയ, തിരുവള്ളൂര്‍ എസ്.പി സെഫാസ് കല്യാണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതിനിടെ, പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി തിരുവള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസങ്ങള്‍ക്ക് മുമ്പ് കള്ളക്കുറിച്ചിയിലെ സ്‌കൂളിലും പ്ലസ്ടു വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ജൂലൈ 17-ന് സ്‌കൂളിന് നേരേ വലിയ ആക്രമണവുമുണ്ടായി. സംഭവം വിവാദമായതോടെ പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ടം ചെയ്തിരുന്നു.
ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം തയാറായില്ലെങ്കിലും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഏറ്റെടുക്കുകയും സംസ്‌ക്കരിക്കുകയും ചെയ്തു. സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇവരെ അറസ്റ്റുചെയ്യണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.