തിരുവനന്തപുരം: ലോയേഴ്സ് കോണ്‍ഗ്രസിന് സമാന്തരമായി കോണ്‍ഗ്രസില്‍ പുതിയൊരു അഭിഭാഷക സംഘടനകൂടി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ടി. അസഫ് അലി.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, കേരള പബ്ലിക് പ്രോസികൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹൈക്കോടതി അഭിഭാഷകനായ ആസിഫ് അലി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം ശക്തമായതോടെയാണ് ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുഭാവികളായ അഭിഭാഷകരുടെ സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. ഹൈക്കോടതി മുതല്‍ എല്ലാ കീഴ്ക്കോടതികളിലും ലോയേഴ്സ് കോണ്‍ഗ്രസിന് യൂണിറ്റുകളുമുണ്ട്. കോണ്‍ഗ്രസുകാര്‍ പ്രതിയാകുകയും ഇരയാകുകയും ചെയ്യുന്ന കേസുകളില്‍ നിയമസഹായം നല്‍കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.
എന്നാല്‍ ഇതിനിടെ കഴിഞ്ഞ മേയില്‍ കെപിസിസി അധ്യക്ഷന്റെ അനുമതിയോടെ അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് നിയമ സഹായസമിതി എന്നപേരില്‍ പുതിയ ഒരു സംഘടന കൂടി രൂപീകരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ലോയേഴ്‌സ് കോണ്‍ഗ്രസിന് സമാന്തരമായി ജില്ലാ കമ്മിറ്റികളും മറ്റും രൂപീകരിച്ച് പുതിയ സംഘടന പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. വാട്സ്ആപ്പ് കേന്ദ്രീകരിച്ച് ഇവര്‍ ചില ചര്‍ച്ചകളും നടത്തിയിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ടി. അസഫ് അലി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പിന്നീട് ലോയേഴ്‌സ് കോണ്‍ഗ്രസ് കൊച്ചിയില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടനയെ നിരോധിക്കണമെന്നും അല്ലെങ്കില്‍ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ടി. അസഫ് അലിയുടെ നേതൃത്വത്തിലെടുത്ത ഈ തീരുമാനത്തെ കെപിസിസി നേതൃത്വം ചോദ്യംചെയ്തു. ഇത് സംബന്ധിച്ചുള്ള പ്രമേയം റദ്ദാക്കണമെന്നും ഇരുസംഘടനകളും പ്രവര്‍ത്തിക്കണമെന്നും കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറല്ലായിരുന്ന അസഫ് അലി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു എന്നാണ് വിവരം.