ദില്ലി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
അതിജീവിത പോലീസിനും പിന്നീട് കോടതിയിലും നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ വിചാരണയുടെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ്, കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ താന്‍ മാത്രമാണ് ജയിലുള്ളതെന്നും കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങി. വിചാരണ നീണ്ടു പോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീം കോടതി തന്നെ വിവിധ കേസുകളില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതിനാല്‍ അഞ്ചര വര്‍ഷത്തില്‍ അധികം ജയിലില്‍ കഴിഞ്ഞ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, ജ്യാമാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അതിജീവിതയെ പീഡിപ്പിച്ച, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി കേസിലെ പ്രധാന പ്രതിയാണ്. പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു.
ജാമ്യപേക്ഷയില്‍ അതിജീവിതയുടെ പേര് നല്‍കിയത് കുറ്റകരമായ നടപടിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. തുടരന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു നടപടി.