NEWS

രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി , സാധ്യമായാല്‍ എയര്‍ലിഫ്റ്റിംഗ്: റവന്യൂമന്ത്രി

തിരുവനന്തപുരം: കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, രാജമലയില്‍ നിന്ന് സാധ്യമായാല്‍ എയര്‍ലിഫ്റ്റിംഗ് ആലോചിക്കുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിംഗ് നടത്തും. നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Signature-ad

രാജമലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടുവെന്നും, ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് ഇന്ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങള്‍ക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണല്‍ പാര്‍ക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ വ്യക്തതയില്ല. നാല് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് അവിടെ നിന്ന് പുറത്തുവന്നിരിക്കുന്നത്. രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയില്‍ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. തമിഴ്‌തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്.
മൂന്നാറില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താല്‍ക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താല്‍ക്കാലികമായി ഇവിടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്.

കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈല്‍ ഫോണ്‍ ടവറുകള്‍ കഴിഞ്ഞ ജനുവരിയില്‍ മാത്രമാണ് അവിടെ എത്തിയത്. ഇതും തകര്‍ന്നതായാണ് ലഭിക്കുന്ന വിവരം. ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കുന്നില്ല. താല്‍ക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ജില്ലാകളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. യോഗത്തിന് മുന്നോടിയായിട്ടാണ് സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നാല് ലയങ്ങളിലായി എണ്‍പത് പേര്‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമികമായി നമുക്ക് കിട്ടുന്ന വിവരം. ഫോറസ്റ്റുകാര്‍ അവിടെ എത്തിയിട്ടുണ്ട്. അവരാണ് ആദ്യമായി അവിടെ എത്തിയത്. രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അപകടം നടന്നത് കൃത്യമായി ഏത് സമയത്താണ് എന്നതില്‍ വ്യക്തതയില്ല”, എന്ന് റവന്യൂമന്ത്രി.

”ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. തൃശ്ശൂരില്‍ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.
രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി”, എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Back to top button
error: